റാന്നി: കൊറോണ ബാധിതർ യാത്ര ചെയ്ത പ്രദേശങ്ങളും കയറിയ സ്ഥാപനങ്ങളുമടക്കം ആരോഗ്യ വകുപ്പ് റൂട്ട് മാപ്പ് പുറത്തിറക്കിയതോടെ റാന്നി പൂർണസ്തംഭനത്തിലായി.
കൊറോണ ബാധിതരായ ഐത്തല സ്വദേശികൾ സന്ദർശനം നടത്തിയ സ്ഥാപനങ്ങളും കടകളും അടഞ്ഞു. ജീവനക്കാരും കടയുടമയും നിരീക്ഷണത്തിലായി.

റാന്നി തോട്ടമണ്ണിലെ എസ്.ബി.ഐ ശാഖ ഇന്നലെ അടച്ചു. ഇറ്റലയിൽ നിന്നെത്തിയ ഐത്തല സ്വദേശികൾ ബാങ്കിൽ രണ്ടുതവണ വന്നിരുന്നതായി റൂട്ട് മാപ്പിലുണ്ട്. ജീവനക്കാർ നിരീക്ഷണത്തിലായി. ഇവർക്ക് ബാങ്ക് അവധി നൽകി. ബാങ്കിനോടു ചേർന്ന എടിഎം തുറന്നിട്ടുണ്ടെങ്കിലും ആരും കയറുന്നില്ല.

അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള സുരേഷ് ഹോട്ടലും അടച്ചു. ഹോട്ടൽ തുറക്കുന്നതിനു തടസമുണ്ടോയെന്നറിയാനാണ് താൻ കഴിഞ്ഞദിവസം പത്തനംതിട്ടയിലെത്തിയതെന്നും ഇക്കാര്യം കളക്ടറുമായി സംസാരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും തന്നെ യോഗത്തിൽ നിന്ന് ഇറക്കിവിട്ടിട്ടില്ലെന്നും സുരേഷ് പറഞ്ഞു. രോഗബാധിതരായവർ തന്റെ കടയിൽ വന്നതായി പറയുന്ന സമയം താൻ അവിടെയില്ലായിരുന്നുവെന്നും സുരേഷ് വ്യക്തമാക്കി.
കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചു തുടങ്ങിയതോടെ റാന്നിയിലെ എല്ലാ മേഖലയിലും ആളൊഴിഞ്ഞ സ്ഥിതിയായി. ബസുകളിൽ യാത്രക്കാർ കുറഞ്ഞതോടെ പല സർവീസുകളും നിർത്തിവച്ചു. സ്വകാര്യബസുകൾ പലതും ഇന്നലെ സർവീസ് നടത്തിയില്ല. റാന്നി വഴിയുള്ള കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ യാത്രക്കാരില്ലാത്ത സ്ഥിതിയാണ്. റാന്നിയിലെ നൂറുകണക്കിനു കുടുംബങ്ങളെ നിരീക്ഷണത്തിലാക്കിയതോടെ ഇവരാരും തന്നെ പുറത്തേക്കിറങ്ങാത്ത സ്ഥിതിയുമുണ്ട്.
ഓട്ടോറിക്ഷ സ്റ്റാൻഡും വിജനമാണ്. ഓട്ടം ഇല്ലാത്തതു കാരണം പലരും വീടുകളിലേക്ക് മടങ്ങുകയാണ്. തുറന്നുവച്ചിട്ടുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആരും കയറാത്ത സ്ഥിതി. വ്യാപാര മേഖല നേരിടുന്നത് വൻ തകർച്ചയാണ്. വായ്പകളും മറ്റും എടുത്തവർ തിരികെ അടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ്. പ്രളയവുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്തുന്നതിലേക്ക് പുതുതായി വായ്പ എടുത്ത് വ്യാപാരം തുടങ്ങിയവരടക്കം ഇതിലുണ്ട്.