തിരുവല്ല: കസേരയേറും അസഭ്യവർഷവും കടപ്ര പഞ്ചായത്ത് കമ്മിറ്റിയോഗം അലങ്കോലമാക്കി. മൂന്നു വാർഡുകളിൽ അടുത്ത സാമ്പത്തിക വർഷത്തിൽ റോഡ് വികസനത്തിന് പണം അനുവദിക്കാത്തതാണ് പ്രശ്നത്തിന് കാരണം. 2019 - 20 വർഷത്തിൽ കുടിവെള്ള വിതരണം നടത്തിയതിൽ അഴിമതി ആരോപിച്ച മൂന്നു അംഗങ്ങളുടെ വാർഡിലെ റോഡ് വികസനം തടസപ്പെടുത്തുമെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് ഭീഷണി മുഴക്കിയതെന്ന് അംഗങ്ങൾ പരാതിപ്പെട്ടു. ഇതേത്തുടർന്നാണ് യോഗം അലങ്കോലമായത്. ജോസ് ചെറി, ബാബു പുലരിക്കാട്ടിൽ, ലിജി ആർ. പണിക്കർ എന്നിവരുടെ വാർഡുകളിലാണ് റോഡ് വികസനത്തിന് പണം നീക്കിവെക്കാത്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 33 ലക്ഷം രൂപയുടെ കുടിവെള്ളം കടപ്ര പഞ്ചായത്തിൽ വിതരണം ചെയ്തതിൽ അഴിമതി ആരോപിച്ച് ഈ മൂന്ന് അംഗങ്ങൾ വിജിലൻസിൽ പരാതി നൽകിയിരുന്നു. സർക്കാർ നിഷ്കർഷിച്ചത് 12 ലക്ഷം രൂപയായിരുന്നു. അധികതുക നൽകാനുള്ള ട്രിപ്പ് ഷീറ്റിൽ ഈ അംഗങ്ങൾ ഒപ്പിട്ടില്ല. ഇതുകാരണം അധികം വന്ന 21 ലക്ഷം രൂപയുടെ ബിൽ മാറിയില്ല. സമീപ പഞ്ചായത്തുകളിലെല്ലാം 12 ലക്ഷം രൂപ മാത്രമാണ് പരമാവധി ചെലവാക്കിയതും. ഈ ബില്ലിൽ ഒപ്പിട്ടു കൊടുത്താൽ റോഡ് വികസനത്തിന്‌ പണം നൽകാമെന്നും ഇല്ലെങ്കിൽ പണം തരില്ലെന്ന നിലപാടാണ് പ്രസിഡന്റ്‌ ഷിബു വർഗീസ് എടുത്തതെന്നും അഴിമതിക്ക് കൂട്ട് നില്കാത്തതിനാലാണ് പണം നൽകാത്തതെന്നും അംഗങ്ങൾ ആരോപിച്ചു. ഇതുസംബന്ധിച്ച് കളക്ടർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു.