തിരുവല്ല : കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ തിരുവല്ല മേഖലയിൽ നിന്ന് പരിശോധനയ്ക്കയച്ച ഏഴു പേരുടെ രക്ത പരിശോധനാ ഫലം നെഗറ്റീവ് . താലുക്കിൽ 50 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നത്. ഇറ്റലിയിൽ നിന്നും കഴിഞ്ഞ ദിവസം എത്തിയ കുളക്കാട് സ്വദേശികളായ മൂന്നംഗ കുടുംബവും വീട്ടിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്. റാന്നിയിൽ രോഗബാധ സ്ഥിരീകരിച്ചവരുമായി സെക്കന്ററി കൊണ്ടാക്ട് ഉണ്ടെന്ന് സംശയിക്കുന്ന കുറ്റപ്പുഴ , കടപ്ര, തിരുവല്ല സ്വദേശികളായ മൂന്ന് പേരും സ്വന്തം വീടുകളിൽ നിരീക്ഷണത്തിലുണ്ട്. റാന്നിയിൽ കൊറോണാ ബാധ സ്ഥിരീകരിച്ചവർ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ എത്തിയ സമയം തന്നെ മറ്റ് ആവശ്യങ്ങൾക്കായി എസ് പി ഓഫീസിൽ എത്തിയവരാണ് ഇവർ മൂവരും . കൊറോണാ ബാധിതരായി റാന്നി സ്വദേശികൾ നാട്ടിലെത്തിയ ശേഷം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ കളക്ടറുടെ ഔദ്യോഗിക വെബ് സൈറ്റ് വഴിയും മാദ്ധ്യമങ്ങൾ വഴിയും പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ നിന്നാണ് റാന്നിക്കാർ ജില്ലാ പൊലീസ് കാര്യാലയത്തിൽ എത്തിയ അതേസമയം തങ്ങളും ഓഫിസിൽ ഉണ്ടായിരുന്നതായി മൂവർക്കും ബോദ്ധ്യമായത്. തുടർന്ന് ഇവർ ആരോഗ്യ വിഭാഗം അധികൃതരുമായി ബന്ധപ്പെടുകയായിരുന്നു.