ചെങ്ങന്നൂർ: നിരവധി ബസ് സർവീസുകളും ജീവനക്കാരും,യാത്രക്കാരുമുള്ള ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ടോയ്ലെറ്റിൽ കയറണമെങ്കിൽ മൂക്ക് പൊത്തണം.ഇല്ലേൽ ചിലപ്പോൾ ശ്വാസംമുട്ടി മരണം വരെ സംഭവിക്കാൻ സാദ്ധ്യത ഏറെയാണ്.ദുർഗന്ധംകൊണ്ട് കാലെടുത്ത് കുത്താൻ പറ്റാത്ത സ്ഥിതിയാണ് ഇവിടെ. അധികൃതർ ഇതൊന്നും കണ്ട മട്ടേ ഇല്ല.കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നത്തിനായി സർക്കാർ നിർദേശിച്ച അത്യാവശ്യം വേണ്ട മുൻകരുതൽ ഇതുവരെ ആരംഭിച്ചിട്ടില്ല.യാത്രക്കാർക്കും ബസ് ജീവനക്കാർക്കും കൈയും മുഖവും വൃത്തിയാക്കാൻ സോപ്പും മറ്റ്കരുതൽ സാധനങ്ങളും ഏർപെടുത്തിയിട്ടില്ല. പണംകൊടുത്ത് ഉപയോഗിക്കുന്ന ടോയ്ലറ്റിൽ ദുർഗന്ധംമൂലം കയറാൻ യാത്രക്കാർ മടിക്കുന്നു.നിരവധി പടികൾ കയറി വേണം ടോയ്ലെറ്റിൽ എത്താൻ.ട്രാൻസ്‌പോർട്ട് ജീവനക്കാർ ഉൾപ്പെടെയുള്ളവരിൽ ചിലർ ബസുകളുടെ മറവിൽ ഈ കെട്ടിടത്തിന് താഴെ തുറസായ സ്ഥലത്താണ് പലപ്പോഴും മൂത്രവിസർജനം നടത്തുന്നത്. ഇത് പലപ്പോഴും സമീപമുള്ള വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്.
ടോയ്ലെറ്റിന്റെ അവസ്ഥ ഇങ്ങനെ
അശാസ്ത്രീയമായി പണിതീർത്ത ഈ കെട്ടിടത്തിൽ താഴെ പണിയാതെ ഉയർത്തിക്കെട്ടി നാലു തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന ടോയ്ലെറ്റിൽ പ്രായമായവർക്കും അംഗവൈകല്യമുള്ളവർക്കും കയറാൻ പറ്റാതെ ബുദ്ധിമുട്ടുകയാണ്.സ്ത്രീകളുടെ ശുചിമുറി ഭാഗത്ത് എക്‌സോസ് ഫാൻ സ്ഥാപിച്ചിട്ടില്ല,കൈകഴുകാൻ സോപ്പ് വച്ചിട്ടില്ല,യാത്രക്കാർക്ക് അത്യാവശ്യം വേണ്ട വേസ്റ്റ്ബിൻ ടോയ്ലറ്റിൽ ഇല്ലാത്തതിനാൽ സ്ത്രീകൾ അവരുടെ സാനിറ്ററി നാപ്കിൻ ഉപയോഗശൂന്യമായ ഫ്ളഷ്ടാങ്കിൽ കുത്തി നിറച്ചിരിക്കുന്നു.പുരുഷന്മാരുടെ ശൗചാലയത്തിൽ പല ടാപ്പുകളും പ്രവർത്തിക്കുന്നില്ല.ഒന്നാം നിലയിൽ നിന്നും താഴേക്ക് വെള്ളം ഒലിച്ചിറങ്ങുന്നുണ്ട്.കതക് ചിലത് പൊട്ടിപ്പൊളിഞ്ഞു കെട്ടിവച്ചിരിക്കുകയാണ്.
പരാതി കിട്ടിയാൽ അടച്ചുപൂട്ടും
ചെങ്ങന്നൂർ: നഗരത്തിലെ യാത്രക്കാരും കച്ചവടക്കാരും ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശൗചാലയങ്ങളുടെ അപര്യാപ്തയിലും മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനം ഇല്ലാത്തതിലുമാണ്.യാത്രക്കാർ, ജീവനക്കാർ ഓട്ടോ ഡ്രൈവേഴ്സ്,ടാക്സി ഡ്രൈവേഴ്സ്, കച്ചവടക്കാർ,തൊഴിലാളികൾ തുടങ്ങിയവർ വർഷങ്ങളായി ഉപയോഗിക്കുന്നത് കെ.എസ്.ആർ.ടി.സിയുടെ അസൗകര്യങ്ങളുടെ നടുവിലുള്ള ഏക ടോയ്ലറ്റാണിത്.പരാതി എഴുതിതന്നാൽ അടച്ചുപൂട്ടിയേക്കാം എന്നാണ് ചെങ്ങന്നൂരിലെ കെ.എസ്.ആർ.ടി.സി അധികാരികൾ നിർദ്ദേശിക്കുന്ന ഏക പോംവഴി.