പത്തനംതിട്ട: കോറോണ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ പേര് വിവരങ്ങൾ വെളപ്പെടുത്തരുതെന്നുണ്ട്. പരിചരിക്കുന്ന ഡോക്ടർമാരുടെയും നഴ്സുമാരുടെയും പേര് പുറത്തുവിടാൻ പാടില്ല. കൂട്ടിരുപ്പുകാർക്ക് പോലും പ്രവേശനമില്ല. എങ്ങനെയുണ്ട് കൊറോണ വാർഡ് എന്ന് നിരീക്ഷണത്തിൽ കഴിയുന്ന ഒരാളോട് ലേഖകൻ ഫോണിൽ ബന്ധപ്പെട്ടപ്പോൾ 'ജയിൽ' എന്ന ഒറ്റ വാക്കായിരുന്നു ഉത്തരം. ഇറ്റലിയിൽ നിന്ന് നാല് വർഷത്തിന് ശേഷം അവധിക്ക് നാട്ടിലെത്തിയതിന്റെ ആഹ്ളാദത്തിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ചവരാണ് പിന്നീട് കൊറോണ സ്ഥിരീകരിച്ച റാന്നി സ്വദേശികൾ. ഇതുപോലെ വിദേശത്തു നിന്ന് അവധിക്ക് എത്തിയവരെല്ലാം സംസ്ഥാനത്തെ ആശുപത്രികളിലെ കൊറോണ വാർഡുകളിൽ നിരീക്ഷണത്തിലാണ്. പലരും ദേഷ്യം തീർക്കുന്നത് ഇവരെ പരിചരിക്കുന്ന ഡോക്ടർമാരോടും നഴ്സുമാരോടുമാണ്. അതേസമയം, നിറഞ്ഞ ചിരിയോടെ എെസൊലേഷൻ വാർഡിൽ കഴിയുന്നവരുമുണ്ട്. ''സംശയത്തോടെ ഭയന്ന് നടക്കുന്നതിലും ഭേദം രോഗം ഉണ്ടോ എന്നറിഞ്ഞിട്ട് പോകുന്നതാണ്. ഇവിടെ കിടക്കുന്നതിൽ ഒരു വിഷമവുമില്ല'' - പരിശോധനാഫലം കാത്ത് കിടക്കുന്ന ഒരാൾ പറഞ്ഞു.
'' സാമ്പിളുകൾ ശേഖരിക്കുമ്പോഴും ഭക്ഷണം നൽകുമ്പോഴും മുഖാവരണങ്ങളും ബെഡ്ഷീറ്റുകളും മാറ്റുമ്പോഴും ഞങ്ങൾക്ക് പോകാമോ എന്ന് ചോദിക്കുന്നവരുണ്ട്. മരുന്നുകൾ നൽകുമ്പോൾ നീരസത്തോടെ വാങ്ങും. മാസ്ക് ധരിച്ചു കിടക്കുന്ന കൈക്കുഞ്ഞുങ്ങളുടെ അസ്വസ്ഥത കാണുമ്പോൾ കണ്ണ് നിറയും. കുട്ടികൾക്ക് ഭക്ഷണവും മരുന്നും നൽകുന്നതാണ് വെല്ലുവിളി '' - കൊറോണ വാർഡിലുളളവരെ പരിചരിക്കുന്ന ഡോക്ടർമാരും നഴ്സുമാരും പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒന്നിനും എട്ടിനുമിടയിൽ പ്രായമുളള ആറ് കുട്ടികളാണ് നിരീക്ഷണത്തിലുളളത്. പരിചരണത്തിനായി അമ്മമാർ ഒപ്പമുണ്ട്.
ഡോക്ടർമാർക്കും നഴ്സുമാർക്കും സല്യൂട്ട്
ഡോക്ടർമാരും നഴ്സുമാരും വീടുകളിൽ പോകാതെയാണ് കൊറോണ രോഗികളെയും നിരീക്ഷണത്തിലുളളവരെയും പരിചരിക്കുന്നത്. ഉൗണും ഉറക്കവുമെല്ലാം ആശുപത്രിക്കുളളിൽ. മൂന്ന് ഷിഫ്റ്റുകളിൽ മാറിമാറിയാണ് ഡ്യൂട്ടി.
'' വേഷവും കൈയുറകളും നീക്കുമ്പോൾ അണുനാശിനിയുടെ ഗന്ധമാണ്. ഭക്ഷണം കഴിക്കാൻ തോന്നില്ല. വിശപ്പ് മാറ്റാൻ എന്തെങ്കിലും കഴിച്ചെന്നു വരുത്തും. പരിശോധനാഫലം വരുമ്പോൾ രോഗമില്ലെന്നറിഞ്ഞ് മടങ്ങുന്നവരുടെ സന്തോഷമാണ് ഞങ്ങൾക്ക് വലുത്'' - ഡോക്ടർമാർ പറയുന്നു.
പി.പി.ഇ കിറ്റ്
പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് (പി.പി.ഇ.) കിറ്റാണ് ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ധരിക്കാൻ നൽകുന്നത്. പാന്റ്സ്, തലവഴിയുളള ഗൗൺ, കവറിംഗ് ഷൂ, കൈയുറ, കണ്ണട, എൻ-95 മാസ്ക് എന്നിവയടങ്ങിയ പി.പി.എ കിറ്റ് ധരിച്ച് ഒരുതവണ ഐസൊലേഷൻ വാർഡിൽ പ്രവേശിച്ച ശേഷം പുറത്തിറങ്ങിയാൽ മാറ്റി നിർവീര്യമാക്കും. ആയിരത്തോളം രൂപ വിലവരും ഒരു കിറ്റിന്.
നിരീക്ഷണത്തിലുളളവർ ഉപയോഗിക്കുന്ന മുഖാവരണം, വസ്ത്രം, ബെഡ് ഷീറ്റ് എന്നിവ ദിവസേന മാറ്റും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പാലക്കാട്ടെ പ്ളാന്റിലെത്തിച്ച് നിർവീര്യമാക്കി നശിപ്പിക്കും.