14-janamaithri
ഉലവുംതിട്ട സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കിടപ്പുരോഗികൾക്ക് ജനമൈത്രി പൊലീസ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നു

ഇലവുംതിട്ട: ജനമൈത്രി പൊലീസ് നടപ്പിലാക്കിവരുന്ന അശരണർക്ക് കൈത്താങ്ങാകുന്ന 'സ്‌നേഹപൂർവ്വം' പദ്ധതിയുടെ മാർച്ച് മാസത്തെ സഹായം വിതരണം ചെയ്തു. സ്റ്റേഷൻ പരിധിയിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കിടപ്പു രോഗികൾക്ക് ഭക്ഷ്യധാന്യങ്ങൾ എല്ലാ മാസവും വീട്ടിൽ നേരിട്ടെത്തിക്കുന്ന പദ്ധതിയാണിത്.എസ്എച്ച് ഒ.ടി.കെ വിനോദ് കൃഷ്ണന്റെ മേൽനോട്ടത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ പ്രശാന്ത് എന്നിവർ നേതൃത്വം നല്കുന്ന ഹൗസ് കാമ്പയിനിലൂടെയാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരുടെ ശമ്പള വിഹിതത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തീർത്തും അർഹരായവർക്ക് കൃത്യമായി പൊലീസ് സഹായം വീട്ടിലെത്തിച്ച് നല്കുന്നതറിഞ്ഞ സുമനസുകൾ സഹായിക്കാൻ മുന്നോട്ട് വരുന്നുണ്ട്. പദ്ധതി പ്രകാരം അർഹരായവർക്ക് ഇലവുംതിട്ട എസ്.എച്ച് ഒ ടി.കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിൽ നേരിട്ടെത്തി വിതരണം ചെയ്തു. ഈ കാരുണ്യ പ്രവർത്തനത്തിലൂടെ പട്ടിണിയിലും അർദ്ധ പട്ടിണിയിലുമുള്ള നമ്മുടെ സഹോദരങ്ങളെ സഹായിക്കണമെന്ന സന്ദേശം പൊതു സമൂഹത്തിന് നല്കുകയാണ് ഇലവുംതിട്ട ജനമൈത്രി പൊലീസ്.വരും മാസങ്ങളിൽ അർഹരായ കൂടുതലാൾക്കാരിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായും അവർ അറിയിച്ചു.