തിരുവല്ല: താലൂക്ക് ആശുപത്രിയിലെ ടോയ്ലെറ്റിന്റെ മാലിന്യ ടാങ്ക് ദുർഗന്ധം പരത്തി തുറന്നനിലയിൽ.ദിവസേന നൂറുകണക്കിന് രോഗികൾ വന്നുപോകുന്ന തിരുവല്ല താലൂക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിന്റെ മാലിന്യ ടാങ്കാണ് തുറന്നുകിടക്കുന്നത്.173കിടക്കകളുള്ള നാലുനില ഐ.പി ബ്ലോക്കിന്റെ കെട്ടിടത്തിൽ നിന്നുള്ള മാലിന്യങ്ങൾ സംഭരിക്കുന്ന മൂന്ന് അറകളോട് കൂടിയ ടാങ്കാണ് പരിസരത്താകെ ദുർഗന്ധം വമിപ്പിക്കുന്നത്.ഡ്രെയിനേജ് സംവിധാനത്തിലെ തകരാർ പരിഹരിക്കുന്നതിലുണ്ടാകുന്ന കാലതാമസമാണ് ടാങ്ക് അടയ്ക്കാതെ കിടക്കാൻ കാരണം.മാലിന്യം നിറഞ്ഞതിനെതുടർന്ന് ഇവനീക്കം ചെയ്യുന്നതിനായി രണ്ടാഴ്ച മുമ്പ് ജെ.സി.ബി ഉപയോഗിച്ച് ടാങ്കിന് മുകളിലെ മണ്ണ് നീക്കംചെയ്ത് മേൽമൂടി തുറന്നിരുന്നു.12ലോഡ് മാലിന്യം നീക്കം ചെയ്യുകയും ചെയ്തു.എന്നാൽ മാലിന്യം നീക്കം ചെയ്തശേഷം മേൽമൂടി അടച്ച് മണ്ണിട്ട് നികത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ഇതാണ് കടുത്ത ദുർഗന്ധത്തിന് വഴിതെളിച്ചത്. ഇതിനിടെ കഴിഞ്ഞദിവസം ടാങ്ക് വീണ്ടും നിറഞ്ഞു.തുടർന്ന് വ്യാഴാഴ്ച രാത്രി 5 ലോഡ് മാലിന്യം വീണ്ടും നീക്കംചെയ്തു.ആശുപത്രി കെട്ടിടത്തിലെ കക്കൂസുകളിൽ നിന്നും ടാങ്കിലേക്കുള്ള ഡ്രെയിനേജ് സംവിധാനം പല ഭാഗങ്ങളിലും തടസപ്പെട്ട നിലയിൽ കിടക്കുന്നതും അറ്റകുറ്റപ്പണികളുടെ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്.മൂന്നാം അറയിൽ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്ന പൈപ്പ് ലൈനിൽ തടസങ്ങൾ ഉണ്ടോയെന്ന് അറിയുന്നതിനായി ജെ.സി.ബി ഉപയോഗിച്ച് ഇന്നലെ ഈഭാഗത്തെ മണ്ണ് നീക്കംചെയ്ത് പരിശോധിച്ചിരുന്നു.എന്നാൽ ഈ പൈപ്പ് ലൈനിൽ തകരാർ കണ്ടെത്താനായില്ല.ആയിരത്തോളം രോഗികളാണ് ഒ.പി വിഭാഗത്തിൽ മാത്രം പ്രതിദിനം എത്തുന്നത്.ഇത് കൂടാതെ കിടപ്പു രോഗികളും കൂട്ടിരിപ്പുകാരുമായി ഏകദേശം നാനൂറോളം പേർ വേറെയും ദിവസവും ആശുപത്രിയിലുണ്ടാകും.ഇത്രയധികം പേർ വന്നുപോകുന്ന ആശുപത്രിയിലെ ടാങ്കുകൾ തുറന്നനിലയിൽ തുടരുന്നത് രോഗികൾ അടക്കമുള്ളവർക്ക് ദുരിതമായിരിക്കുകയാണ്.
പ്ലാസ്റ്റിക്കും നാപ്കിനും തള്ളുന്നത് ക്ളോസറ്റിൽ !
ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ചില രോഗികളും കൂട്ടിരിപ്പുകാരുമായിട്ടുള്ളവർ നാപ്കിനും പ്ലാസ്റ്റിക് കുപ്പികളും, പ്ലാസ്റ്റിക് കവറുകളും ക്ലോസറ്റിൽ നിക്ഷേപിക്കുന്നതാണ് ഡ്രെയിനേജ് സംവിധാനം തകരാറിലാക്കാൻ പ്രധാന കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.ഇതുകാരണം പലപ്പോഴും ശൗചാലയത്തിന്റെ പ്രവർത്തനം തടസപ്പെടുന്നത് ബുദ്ധിമുട്ടിലാക്കുന്നു.
-മാലിന്യം ശേഖരിക്കുന്നത് 3 അറകളോടുകൂടിയുള്ള ടാങ്ക്
- ടാങ്കിലെ 12ലോഡ് മാലിന്യം നീക്കം ചെയ്തു
- ടാങ്കിന്റെ മേൽമൂടി അടച്ചിടാഞ്ഞതിനാൽ ദുർഗന്ധം പുറത്തേക്ക് തള്ളുന്നു