തിരുവല്ല: കൊടും വറുതിയിലും നിലയ്ക്കാത്ത ജലപ്രവാഹമായി പമ്പ ജലസേചന പദ്ധതി കൃഷിക്കും ജനങ്ങൾക്കും ആശ്വാസമാകുന്നു. കൃഷിക്ക് ജലസേചനം സൗകര്യം ഒരുക്കുന്നതിനായി ആവിഷ്‌ക്കരിച്ച പമ്പ ഇറിഗേഷൻ പ്രോജക്ടിന്റെ ഗുണഫലം വെള്ളമില്ലാതെ ബുദ്ധിമുട്ടുന്നവർക്കെല്ലാം ഇത്തവണ ഗുണകരമായി. മുൻവർഷങ്ങളിലെ വേനലിൽ പലവിധ കാരണങ്ങളാൽ കൃത്യമായി വെള്ളം എത്തിക്കാനാകാത്ത സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ വേനൽ തുടങ്ങിയപ്പോൾ തന്നെ കനാലിൽ കുടി ജലവിതരണം തുടങ്ങി. ഇതോടെ കനാൽ കടന്നുപോകുന്ന ഭാഗങ്ങളിലെ പലവിധത്തിലുള്ള കൃഷികൾക്കും പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമായി. മുമ്പ് കനാൽ പലഭാഗത്തും പൊട്ടിയതു കാരണം കുടിവെള്ളത്തിനായി ജനങ്ങൾ വളരെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. എന്നാൽ ഈവർഷം കനാൽ പൊട്ടിയെങ്കിലും അടിയന്തരമായി ഇടപെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപണികൾ നടത്തി. ഒരുദിവസം പോലും മുടങ്ങാതെ കനാലിൽ കൂടി തുടർച്ചയായി വെള്ളം വിട്ട് പമ്പാ ഇറിഗേഷൻ പ്രോജക്ടിലെ ഉദ്യോഗസ്ഥർ മാതൃകയായി.മണിയാർ ഡാമിൽ നിന്നും വാഴക്കുന്നത്ത് 20 കിലോമീറ്റർ ദൂരത്തിലെത്തി ഇടതുവലത് കരകളായി രണ്ടായിതിരിഞ്ഞു ഇലന്തൂർ,മാവേലിക്കര,കാർത്തികപ്പള്ളി വരെ 40 കിലോമീറ്ററിൽ ഈ പദ്ധതിയിലൂടെ വെള്ളം എത്തിക്കുന്നു.വലതുകരയിൽ കുറിയന്നൂർ,ഇരവിപേരൂർ,ഓതറ,കുറ്റൂർ, തിരുവൻവണ്ടൂർ വരെയുള്ള കർഷകരും പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
മഴക്കാലംപോലെ കിണറുകളിൽ വെള്ളം
കനാലിലൂടെ തുടർച്ചയായി വെള്ളം എത്തിയതോടെ ഭൂമിയിലേക്കും താഴ്ന്നിറങ്ങും.ഇത് കനാൽ കടന്നുപോകുന്ന പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം എത്താനും സഹായമായി. കിണർ റീചാർജ്ജിംഗ് നടന്നതോടെ സമൃദ്ധമായി ജലം ലഭിച്ചു.വറുതിയിൽ വെള്ളത്തിനായി നെട്ടോട്ടമോടിയിരുന്ന ജനങ്ങൾക്ക് ഇത്തവണ വീടുകളിലെ കിണറുകളിൽ മഴക്കാലത്തെപോലെ വെള്ളം കിട്ടിയതും വലിയ ആശ്വാസമായി.
ഉദ്യോഗസ്ഥരെ അനുമോദിച്ചു
രണ്ടു പതിറ്റാണ്ടായി ജലം ഒഴുകാതെ പൊട്ടിപൊളിഞ്ഞുകിടന്നിരുന്ന തൈമറവുംകര, ഉപകനാൽ പുതുക്കി പണിത് ജലവിതരണം നടത്തി.തൈമറവുംകര,മേലെപ്പള്ളം ഭാഗത്തെ കർഷകരെ സഹായിച്ച പമ്പാ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ മധുകുമാർ, അസി.എക്സി.എൻജിനിയർ ഗിരിലാൽ, അസി.എൻജിനിയർ ബിനു.കെ,ഓവർസിയർ ഡെയ്‌സി പോൾ,വർക്കർ രവീന്ദ്രൻ,സമയബന്ധിതമായി പണികൾ പൂർത്തീകരിച്ച കോൺട്രാക്ടർ ജയൻ എന്നിവരെ തൈമറവുംകര നിവാസികാലും കർഷകരും യോഗം ചേർന്ന് അനുമോദിച്ചു.