14-sob-soman-vr
വി. ആർ. സോമൻ

ചെങ്ങന്നൂർ: കൊറോണ മരണമെന്ന് പ്രചരിപ്പിച്ച് അധികൃതർ ഒരു കുടുംബത്തെ ദുരിതത്തിലാക്കിയതായി പരാതി. ആലാ പേരിശേരി സജീവ് ഭവനത്തിൽ വി.ആർ സോമൻ (68) ന്റെ കുടുംബമാണ് വലഞ്ഞത് . ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെ ടാക്‌സി ഡ്രൈവറായ സോമൻ കഴിഞ്ഞ 11​ന് രാത്രിയാണ് ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയ്ക്ക് കൊല്ലുകടവിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗിയെ 48 മണിക്കൂർ നിരീക്ഷണത്തിൽ വച്ചു. വ്യാഴാഴ്ച വൈകിട്ട് മകൻ സജീവ് സോമനെ കാണാൻ ആശുപത്രിയിലെത്തി. മകനെക്കുറിച്ചുള്ള വിവരങ്ങൾ ഡ്യൂട്ടി ഡോക്ടർ തിരക്കി.ഇറാക്കിലായിരുന്ന മകൻ 10 ദിവസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയതെന്ന് അറിഞ്ഞതോടെ കൊറോണ പരിശോധനയ്ക്ക് വിധേയനാകണമെന്നും അല്ലാതെ സോമനെ കാണാൻ സാധിക്കില്ലെന്നും ഡോക്ടർ. പറഞ്ഞു. തുടർന്ന് സജീവ് മടങ്ങി. വെള്ളിയാഴ്ച പുലർച്ചെ സോമൻ മരിച്ചു.
കൊറോണ ബാധയാണെന്ന് സംശയിക്കുന്നതിനാൽ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഡോക്ടർമാർ പ​റഞ്ഞു. വാർത്ത പ്രചരിച്ചതോടെ വീട്ടുകാരും നാട്ടുകാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പരിഭ്രാന്തരായി. നേരത്തേ എടുത്തവച്ച രക്തം കൂടുതൽ പരിശോധനകൾ നടത്തിയതോടെ സോമന് രോഗമില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വത്സല തിങ്കളാമുറ്റം മൂർത്തിയിരിക്കുന്നതിൽ കുടുംബാംഗം, മക്കൾ: സജിത, സജിവ് . മരുമക്കൾ: മനോജ്, അതുല്യ .