ചെങ്ങന്നൂർ : ഭിന്നശേഷി വിഭാഗം കുട്ടികൾക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണം ചെങ്ങന്നൂർ ബി.ആർ.സി ഹാളിൽ നടന്നു. 2019-​ 20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്.
വിതരണോദ്ഘാടനം എസ്.എസ്.കെ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജി.കൃഷ്ണകുമാർ നിർവഹിച്ചു.എസ്.എസ്.കെ ട്രെയിനർമാരായ എം.സുധീർഖാൻ റാവുത്തർ,രാജീവ് കണ്ടല്ലൂർ,റിസോഴ്‌സ് അദ്ധ്യാപികമാരായ ടി.റീന, ഐ.എൽ മുബീന തുടങ്ങിയവർ സംസാരിച്ചു.സി.പി ചെയർ,ഫിസിയോ ബെഡ്,സർജിക്കൽ ഷൂസ്,വീൽ ചെയർ,കോമോഡ് ചെയർ,സർജിക്കൽ കോളർ തുടങ്ങിയ ഉപകരണങ്ങളാണ് ഈ വർഷം കുട്ടികൾക്ക് നൽകുന്നത്. ജൂൺ ആദ്യവാരം സഹായോപകരണങ്ങൾ ആവശ്യമുള്ള കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. വിശദമായ പരിശോധനയിൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുകയും ഇവർക്കായി അളവെടുപ്പ് ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.ഇതിനെ തുടർന്നാണ് ഉപകരണങ്ങൾ വിതരണം ചെയ്തത്. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്ന കുട്ടികൾക്കാണ് ഉപകരണങ്ങളിൽ ഏറിയ പങ്കും വിതരണം ചെയ്തത്.