പന്തളം: കാറിലെത്തിയ സംഘം മദ്ധ്യവയസ്‌കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും അപഹരിച്ചു. പൂഴിക്കാട് തവളംകുളം വിഷ്ണു നിവാസിൽ മധുസൂദനക്കുറുപ്പി (54)നെയാണ് ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടേകാലോടെ മധുസൂദനക്കുറുപ്പ് ചീക്കൻപാറ ജംഗ്ഷനു സമീപമുള്ള തന്റെ കച്ചവട സ്ഥാപനം അടച്ചിട്ട് കല്ലുതുണ്ടിൽ ജംഗ്ഷന് സമീപം നിൽക്കുമ്പോഴാണ് അഞ്ചംഗ സംഘം എത്തിയത്. 18000 രൂപയും, 12000 രൂപ വിലയുള്ള ഫോണും അപഹരിച്ചു. പരിക്കേറ്റ മധുസൂദനക്കുറുപ്പ് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സി.പി.എം. പൂഴിക്കാട് വടക്ക് ബ്രാഞ്ച് മെമ്പറാണ്. പന്തളം പൊലീസ് കേസെടുത്തു. ആക്രമണം നടത്തിയ സംഘം വന്ന കാർ മാവേലിക്കരയിൽ നിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തു. തിരുവല്ല പൊടിയാടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ .