കൊടുമൺ: പിക്ക് അപ്പ് ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി.പെരിങ്ങനാട് മുണ്ടപ്പള്ളി പാറകൂട്ടം കിണറുവിള താഴേതിൽ ഡി.വിൽസൺ(42)നെയാണ് കൊടുമൺ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ അകാരണമായി മർദ്ദിച്ചതായി പറയുന്നത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 11.30ന് കൊടുമൺ ഭാഗത്തു നിന്നും മെറ്റലുമായി വന്ന പിക്ക് വാൻ പൊലീസ് തടഞ്ഞു നിറുത്തുകയും തുടർന്ന് തന്നെ മനപ്പൂർവം വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് വാഹനം ഉൾപ്പെടെ കസ്റ്റഡയിൽ എടുക്കുകയായിരുന്നെന്നും വിൽസൺ ആരോപിക്കുന്നു. സ്റ്റേഷനിൽ വച്ച് പിന്നീട് പൊലീസ് ഉദ്യോഗസ്ഥൻ മർദ്ദിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.എന്നാൽ പാസില്ലാതെ വിൽസൻ മെറ്റൽ കയറ്റിയ വാഹനം കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ കേസെടുത്ത് ജാമ്യത്തിൽ വിട്ടുവെന്നും വിൽസനെ അരും മർദ്ദിച്ചില്ലെന്നുമാണ് കൊടുമൺ സി.ഐ നൽകിയ വിവരമെന്ന് അടൂർ ഡി.വൈ.എസ്.പി ജവഹർ ജനാർദ്ദ് പറഞ്ഞു.വിൽസന്റെ പരാതി ലഭിച്ചാൽ അന്വേഷണം ആരംഭിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.അടൂർ ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിൽസന്റെ വലതു മാറിൽ ചതവ് ഉള്ളതായി ഡോക്ടർമാരും പറഞ്ഞു.