മല്ലപ്പള്ളി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുത്തനെ ഉയർത്തിയ കേന്ദ്രസർക്കാരർ തീരുമാനം പിൻവലിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാരസമിതി അംഗം ജോസഫ് എം.പുതുശേരി ആവശ്യപ്പെട്ടു.ലിറ്ററിന് മൂന്ന് രൂപ ഒറ്റയടിക്ക് വർദ്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം ആളുകളെ ബന്ദികളാക്കി നടത്തുന്ന പകൽകൊള്ളയ്ക്കു തുല്യമാണ്. അടിക്കടി എക്‌സൈസ് തീരുവ കൂട്ടി ക്രൂഡോയിൽ വിലയിടിവിലൂടെ ജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യം കവർന്നെടുക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇത് പത്താം തവണയാണ് മോദി സർക്കാർ എക്‌സൈസ് തീരുവ കൂട്ടുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് പ്രൈസ് മെക്കാനിസം അവസാനിപ്പിച്ച് രാജ്യാന്തര വിപണിയിലെ വിലവ്യത്യാസമനുസരിച്ച് ഉപയോക്താക്കൾക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് ഇതിന്റെ നേട്ടമായി ചൂണ്ടിക്കാണിച്ചത്.വിലകൂടുമ്പോൾ അതേ തോതിൽ കൂട്ടുകയും വില കുറയുമ്പോൾ നാമമാത്രമായി കുറച്ചിട്ട് എക്‌സൈസ് തീരുവ കൂട്ടി ജനങ്ങളുടെ പോക്കറ്റിടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്രൂഡ് ഓയിൽ വില ഇന്ന് 32 ഡോളറായി കുറഞ്ഞു. പകുതിയിൽ താഴേക്കുള്ള വിലയിടിവ്.എന്നിട്ടും പെട്രോൾ ഡീസൽ വില ആ തോതിൽ കുറയ്ക്കുന്നില്ല. ക്രൂഡ് ഓയിൽ വില ബാരലിന് 104.60 ഡോളറിലേക്ക് കുതിച്ച 2013 സെപ്റ്റംബറിൽ പെട്രോളിന് 74.10 രൂപയും ഡീസലിന് 51.97 രൂപയുമായിരുന്നു വില. 32ഡോളറിലേക്ക് വില കൂപ്പുകുത്തിയിട്ടും പെട്രോൾ ലിറ്ററിന് 72.26 രൂപയും ഡീസൽ ലിറ്ററിന് 66.70 രൂപയുമാണ് ഇപ്പോഴത്തെ വില.സാമ്പത്തിക മാന്ദ്യവും കൊറോണ പ്രതിരോധത്തിനു വേണ്ടിയുള്ള കടുത്ത നിയന്ത്രണങ്ങളും ജനങ്ങൾ വരുമാനമില്ലാതെ വലയുമ്പോൾ വർദ്ധനവ് പിൻവലിച്ച് അന്താരാഷ്ട്ര വിപണയിലെ വിലക്കുറവിന് ആനുപാതികമായി പെട്രോൾ ഡീസൽ വില കുറയ്ക്കണമെന്നും ഇതു വിലക്കയറ്റം തടയാൻ ഇടയാക്കുമെന്നും പുതുശേരി പറഞ്ഞു.