എം.ബിജുമോഹൻ
ഐത്തല (റാന്നി): " അന്ന് റോഡിൽ മീൻകാരൻ വന്നതു കൊണ്ട് ഓടിപ്പോയതാ. അല്ലെങ്കിൽ ചായ കൊടുത്തേ വിടുമായിരുന്നുള്ളൂ. ഇറ്റലിയിൽ നിന്ന് വരുമ്പോഴെല്ലാം എനിക്ക് ഉമ്മ കിട്ടാറുണ്ട് ... " കൊറോണ ബാധിച്ച് ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ മലയാളി കുടുംബത്തിന്റെ വീടിന്റെ അയൽക്കാരിയായ 80കാരി പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
പത്ത് മീറ്റർ അകലമേയുള്ളൂ രണ്ട് വീടുകളും തമ്മിൽ. ഇറ്റലിയിൽ നിന്ന് കുടുംബം എത്തുമ്പോഴെല്ലാം ഇവരുടെ വീട്ടിലെത്തും. കൈനിറയെ ചോക്ളേറ്റ് നൽകും. ഇത്തവണ മാർച്ച് ഒന്നിന് രാവിലെയാണ് കുടുംബനാഥനും ഭാര്യയും വീട്ടിലെത്തിയത്. അവർക്ക് കൊറോണയാണെന്ന് അറിഞ്ഞപ്പോൾ അമ്പരന്നു. രോഗം ഭേദമായി വേഗം തിരിച്ചുവരട്ടെയെന്നാണ് പ്രാർത്ഥന.
'' നിങ്ങൾക്ക് വീട്ടിലേക്ക് കയറാൻ പേടിയുണ്ടോ. ഞങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റില്ല. പതിന്നാല് ദിവസം വീട്ടിൽ ഇരിക്കാൻ ആരോഗ്യവകുപ്പ് പറഞ്ഞിട്ടുണ്ട്. നാടിന്റെ നല്ലതിനു വേണ്ടിയല്ലേ. അനുസരിക്കുകയാണ് ''- 80കാരിയുടെ മകൾ പറഞ്ഞു.
9 പേർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഐത്തല മങ്കുഴിയിലെ 95 വീടുകൾക്കും മുന്നിൽ 'ലക്ഷ്മണരേഖ"യുണ്ട്. പുറത്തിറങ്ങിയാൽ പത്തനംതിട്ട കളക്ടറേറ്റിലെ ജി.പി.എസ് മോണിറ്ററിംഗ് റൂമിൽ അറിയും. മൊബൈലിൽ വിളി വരും. രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ആരോഗ്യ വകുപ്പിലെ ജീവനക്കാർ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കും. ഭക്ഷണം പാകം ചെയ്യാനുള്ള സാധനങ്ങൾ സന്നദ്ധ സംഘടനകൾ എത്തിക്കും.
ഐത്തലക്കാരുടെ ദുഃഖവും പ്രതിഷേധവും ഒറ്റപ്പെടുത്തലിനെതിരെയാണ്. മൂന്ന് കിലോമീറ്റർ അകലെ റാന്നി ഇട്ടിയപ്പാറ ടൗണിലെത്തിയാൽ 'വീട്ടിലിരുന്നാൽ േപാരേ" എന്ന് അനിഷ്ടം നിറഞ്ഞ വാക്കുകൾ നേരിടണം.
റാന്നിയിൽ നിന്ന് ഐത്തലയിലേക്ക് ആരും പോകുന്നില്ല. ഇൗ റൂട്ടിലെ കെ.എസ്. ആർ.ടി.സി ബസ് യാത്രക്കാരില്ലാത്തതിനാൽ സർവീസ് നിറുത്തി. ഐത്തല സ്റ്റാൻഡിലെ ആട്ടോറിക്ഷക്കാർ പട്ടിണിയുടെ വക്കിലാണ്. 55 ആട്ടോറിക്ഷകളാണ് ഇവിടെയുള്ളത്. ഇന്നലെ കണ്ടത് എട്ടെണ്ണം. ഉച്ച കഴിഞ്ഞ് രണ്ട് മണിയായിട്ടും കൈനീട്ടം ഒാടിയിട്ടില്ലെന്ന് ഡ്രൈവർമാരായ ബെന്നിയും റെജിയും പറഞ്ഞു.
കൊറോണ നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്നവരുടെ പരിശോധനാഫലങ്ങൾ നെഗറ്റീവ് ആകുന്നതിലെ ആത്മവിശ്വാസത്തിലാണിപ്പോൾ ഐത്തലക്കാർ. നിരീക്ഷണത്തിൽ അല്ലാത്തവർ പുറത്തിറങ്ങുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്നു. എല്ലാ സഹായവും ചെയ്തുകൊടുക്കാൻ പഞ്ചായത്തംഗം േബാബി എബ്രഹാം ഒാരോ വീടുകളിലും എത്തുന്നു. കൊറോണ നിരീക്ഷണത്തിലുള്ള രണ്ട് പെൺകുട്ടികളെ സ്വന്തം വാഹനത്തിൽ എസ്.എസ്.എൽ.സി പരീക്ഷാ ഹാളിലെത്തിക്കുകയും ചെയ്തു.