14thozhil

പത്തനംതിട്ട :കൂട്ടുകാരിയ്ക്കായി കിണർ കുഴിയ്ക്കുകയാണ് റാന്നി കൊറ്റനാട്ടെ തൊഴിലുറപ്പ് സ്ത്രീകൾ.30അടി താഴ്ചയിലാണ് കിണർ കുഴിയ്ക്കുന്നത്.ലളിത, ശുഭ,അനിത തുടങ്ങിയ തൊഴിലുറപ്പ് സ്ത്രീകളും തൊഴിലുറപ്പ് അംഗമായ രാധാകൃഷ്ണനുമാണ് പണിയ്ക്ക് നേതൃത്വം നൽകുന്നത്. കൊറ്റനാട്ട് പഞ്ചായത്തിലെ 11-ാം വാർഡിലെ പുതുപറമ്പിൽ ഗ്രേസിയ്ക്കും രണ്ട് മക്കൾക്കും വേണ്ടിയാണ് തൊഴിലുറപ്പ് തൊഴിലാളികളായ നാൽവർ സംഘം കിണർ കുഴിക്കുന്നത്.എല്ലു പൊടിയുന്ന രോഗമുള്ള ഗ്രേസിയ്ക്ക് നാട്ടുകാരും സന്നദ്ധപ്രവർത്തകരുമാണ് തുണ.ഭർത്താവ് ഉപേക്ഷിച്ച് പോയതാണ്.രണ്ട് പെൺമക്കളുണ്ട്.കുടിവെള്ള ക്ഷാമമുള്ള പ്രദേശമാണിവിടെ. പണംമുടക്കിയാണ് ഗ്രേസി വെള്ളം വാങ്ങുന്നത്.വാർഡ് മെമ്പർ അനിലാ ജയൻ ഇവരുടെ ദുരിതം നേരിൽ കണ്ട് പട്ടികജാതി ഫണ്ടിൽ നിന്ന് 40000 രൂപ മുടക്കിയാണ് കിണർ കുഴിയ്ക്കുന്നതിനുള്ള തയാറെടുപ്പുകൾ നടത്തിയത്. കിണർ കുഴിക്കുന്നവർക്ക് പണം നൽകാൻ ഇല്ലാത്തതിനാലാണ് തൊഴിലുറപ്പ് തൊഴിലാളികളെകൊണ്ട് ചെയ്യിപ്പിച്ചാലോയെന്ന് ആലോചിച്ചതെന്ന് അനില പറയുന്നു. തൊഴിലാളികളോട് പറഞ്ഞപ്പോൾ ആദ്യം വലിയ ആത്മവിശ്വാസം ഒന്നും ഇല്ലായിരുന്നെങ്കിലും ദിവസം കഴിയും തോറും ആത്മവിശ്വാസം കൂടി വരികയായിരുന്നു.ഇപ്പോൾ മുപ്പതടിയായാലും ഞങ്ങൾ റെഡിയെന്ന് പറയുന്ന സ്ഥിതിയിലായി കാര്യങ്ങൾ.വാർഡ് മെമ്പർ അനില,പഞ്ചമി,സൗമ്യ,രാജി എന്നിവരുംസഹായികളായി എത്തുന്നുണ്ട്.ഇപ്പോൾ പണി തുടങ്ങിയിട്ട് അഞ്ച് ദിവസമായി.പത്തടി കുഴിച്ചു.മുപ്പതടിയാണ് കണക്ക്.കയറിൽ കെട്ടി കിണറ്റിലിറങ്ങി കുഴിയ്ക്കാൻ ആദ്യം മടിയായിരുന്നെങ്കിലും ഇപ്പോൾ തൊഴിലാളികൾക്ക് മടിയില്ല.സഹായിക്കാൻ ദിവസം കഴിയും തോറും കൂടുതൽ പേർ വരുന്നുണ്ട്.

"ഒറ്റപ്പെട്ടവർക്കായുള്ള കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെൽ പദ്ധതിയിൽ ഉൾപ്പെട്ട കുടുംബമാണിത്. ആദ്യം തൊഴിലാളികൾക്ക് പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു. പക്ഷേ തുടങ്ങി കഴിഞ്ഞപ്പോൾ തന്നെ അവർ ഉഷാറായി. നിരന്തരം മാറ്റം സംഭവിക്കുന്ന വളരെ നല്ല പ്രവർത്തനങ്ങളുള്ള പഞ്ചായത്താണിത്. "

രമാദേവി

(കുടുംബശ്രീ കമ്മ്യുണിറ്റി കൗൺസിലർ)

-കിണർ പണി തുടങ്ങിയിട്ട് 5 ദിവസം

-10 അടിയോളം കുഴിച്ചു

- 30 അടിയാണ് കണക്ക്

കിണർ കുഴിക്കുന്നതിനായി പട്ടികജാതി

ഫണ്ടിൽ നിന്ന് 40000 രൂപ അനുവദിച്ചു