പന്തളം: അടിക്കടി തീ പിടിത്തവും അത്യാഹിതങ്ങളും ഉണ്ടാവുന്ന പന്തളത്ത് ഫയർസ്റ്റേഷൻ തുടങ്ങാൻ അധികൃതർ ഇതുവരെ തയാറാകുന്നില്ല.പന്തളത്ത് ഫയർസ്റ്റേഷൻ അനുവദിച്ചിട്ട് രണ്ട് പതിറ്റാണ്ടു കഴിഞ്ഞു. പി.കെ.കുമാരൻ എം.എൽ എ ആയിരുന്ന കാലത്താണ് ഫയർസ്റ്റേഷൻ അനുവദിച്ചത്.പഞ്ചായത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നായിരുന്നു വ്യവസ്ഥ.എന്നാൽ അത് പാലിക്കാൻ കഴിയാത്തതാണ് കാലതാമസം നേരിടാൻ കാരണമാകുന്നത്. 2006-2007 പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് വക പൂഴിക്കാട് ചിറമുടിയിലുള്ള 40 സെന്റ് സ്ഥലം ഫയർസ്റ്റേഷന് വേണ്ടി നൽകുകയും, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് 2 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.വാഹനങ്ങൾ ഇടുന്നതിന്‌ഷെഡും,ഓഫീസ് റൂമും, വാട്ടർടാങ്കുംനിർമ്മിക്കുന്നതിനായിരുന്നു തുക.എന്നാൽ പണി പകുതിചെയ്ത് കരാറുകാരൻ അവസാനിപ്പിച്ചു.പണിത ഭാഗങ്ങൾ കാടുമൂടി കിടക്കുകയാണിപ്പോൾ.

സ്ഥലം കണ്ടെത്തി: നിർമ്മാണം ആരംഭിച്ചില്ല


കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കുളനടയിൽ തുടങ്ങുവാൻ ആന്മുള എം.എൽ.എ.അഡ്വ.കെ.ശിവദാസൻ നായർ നീക്കം നടത്തി. അപ്പോൾ പന്തളത്ത് തന്നെ തുടങ്ങുമെന്നും അതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ അറിയിച്ചിരുന്നു.എം.സി.റോഡിൽപന്തളം വലിയ പാലത്തിന് സമീപത്തുള്ള പി.ഡബ്ലിയു.ഡി പുറമ്പോക്കാണ് എം.എൽ.എ. കണ്ടെത്തിയ സ്ഥലം.ആ സ്ഥലം പി.ഡബ്ലിയു.ഡി അധികൃതർ വിട്ടുനൽകാൻ തയാറല്ല. കെട്ടിടം എടുക്കുന്നതിന് നഗരസഭയും എം.എൽ.എയും ശ്രമം നടത്തി. പൂഴിക്കാട്ട് തോണ്ടുകണ്ടത്തിന് സമീപം കുടശനാട് ഇളയനേത്ത് ഗിരിധറിന്റെവക സ്ഥലം കണ്ടെത്തി.അവിടെ വസ്തു ഉടമ ജന പ്രതിനിധികളും ഫയർഫോഴ്‌സ് അധികൃതരു നിർദേശിച്ച രീതിയിൽ ഓഫീസ് കെട്ടിടവും താമസ സൗകര്യവും മെല്ലാം തരപ്പെടുത്തിയെങ്കിലും ഇതുവരെയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

തീപിടിത്തമുണ്ടായാലും അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് ആളപായങ്ങൾ സംഭവിച്ചാലും ഫയർഫോഴ്‌സിന്റെ സേവനം പന്തളം നഗരസഭ, കുളനട, തുമ്പമൺ, മെഴുവേലി ഭാഗങ്ങളിൽ വേണ്ടി വരുമ്പോൾ അടൂർ,പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുമാണ് ഫയർഫോഴ്‌സ് എത്തുന്നത്. കിലോമീറ്ററുകൾ താണ്ടി അവർ എത്തുംമ്പോഴേക്കും പ്രയോജനം ലഭിക്കാറുമില്ല.

രണ്ടു മാസത്തിനകം പന്തളത്ത് ഫയർസ്റ്റേഷൻ ആരംഭിക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

ടി.കെ.സതി

(നഗരസഭാ ചെയർപേഴ്‌സൺ)

അത്യാഹിതമുണ്ടായാൽ എത്തുന്നത് കി.മീറ്റർ താണ്ടി

അടൂർ-പന്തളം 11 കി.മീറ്റർ

ചെങ്ങന്നൂർ-പന്തളം 16 കി.മീറ്റർ

പത്തനംതിട്ട- പന്തളം 16 കി.മീറ്റർ