പത്തനംതിട്ട : കൊറോണയ്ക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ 16 ടീമുകൾ രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിയ്ക്കുകയാണ്. ജില്ലാ കളക്ടർ പി.ബി നൂഹ്, സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എ.എൽ.ഷീജ, ഡി.എസ്.ഒ ഡോ.സി.എസ്.നന്ദിനി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എബി സുഷൻ, വേൾഡ് ഹെൽത്ത് ഓഗനൈസേഷൻ പ്രതിനിധി ഡോ.രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പതിനാറ് ടീമുകളാണ് പ്രവർത്തിക്കുന്നത്.
സർവൈലൻസ് ടീം, കോൾ സെന്റർ മാനേജ്‌മെന്റ് ടീം, എച്ച്.ആർ മാനേജ്‌മെന്റ് ടീം, ട്രെയിനിംഗ് ആൻഡ് അവയർനസ് ജനറേഷൻ ടീം, മെറ്റീരിയൽ മാനേജ്‌മെന്റ് ടീം, ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് ടീം, മീഡിയ സർവൈലൻസ് ടീം, മീഡിയ മാനേജ്‌മെന്റ് ടീം, ഡോക്യുമെന്റഷൻ ടീം, പ്രൈവറ്റ് ഹോസ്പിറ്റൽ സർവൈലൻസ് ടീം, എക്‌സ്‌പേർട്ട് സ്റ്റഡി കോ ഓർഡിനേഷൻ ടീം, ട്രാൻസ്‌പോർട്ട് ആൻഡ് സ്വാബ് മാനേജ്‌മെന്റ് ടീം, ഇന്റർ ഡിപ്പാർട്ട്‌മെന്റ് ആൻഡ് കോ ഓർഡിനേഷൻ ടീം, കമ്യൂണിറ്റി ലെവൽ വാളണ്ടിയർ കോ ഓർഡിനേഷൻ ടീം, സൈക്കോളജിക്കൽ സപ്പോർട്ട് ടീം, സാമ്പിൾ കളക്ഷൻ സർവൈലൻസ് ടീം എന്നിങ്ങനെ പതിനാറ് ടീമുകളും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ഓരോ ടീമിനും ഓരോ ടീം ലീഡറുമാണ് പ്രവർത്തിക്കുന്നത്.
സർവൈലൻസ് ടീം
രോഗവിവരം അറിയിക്കുവാനും ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരികരിക്കുവാനും ഡോ.നിരൺ ബാബുവിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും കോൾ സെന്റർ സജ്ജം.
ഡോ.രശ്മിയുടെയും ഡോ.ഹരികൃഷ്ണന്റെയും നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തിക്കുന്ന സർവൈലൻസ് ടീം ഹോം ഐസലേഷനിൽ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നു. പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളിൽ നിരീക്ഷണത്തിലുള്ളവരുമായി ഫോൺവഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നു. ഡോ.പ്രതിഭയുടെ നേതൃത്വത്തിലുള്ള ടീമിലെ കൗൺസിലർമാർ ഇവർക്ക് ഫോണിലൂടെ മാനസികപിന്തുണയും നൽകുന്നുണ്ട്. ആവശ്യക്കാർക്ക് അവശ്യസാധനങ്ങൾ കൃത്യമായി എത്തുന്നുണ്ടെന്ന് കമ്യൂണിറ്റി ലെവൽ വോളണ്ടിയർ കോ ഓർഡിനേഷൻ ടീം ഉറപ്പുവരുത്തും.
മാനേജ്‌മെന്റ് ടീം
ആശുപത്രികളിൽ ആവശ്യമായ മെഡിക്കൽ സൗകര്യങ്ങൾ ഉണ്ടെന്ന് ദിവസേന ഉറപ്പുവരുത്തുകയും ആവശ്യമെങ്കിൽ അധികസൗകര്യങ്ങൾ ഏർപ്പെടുത്തുകയുമാണു സ്റ്റോർ വെരിഫിക്കേഷൻ ഓഫീസർ ഗോപാലന്റെ നേതൃത്വത്തിലുളള മെറ്റീരിയൽ മാനേജ്‌മെന്റ് ടീം. ഡോ.സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രൈവറ്റ് ഹോസ്പിറ്റൽ സർവൈലൻസ് ടീം സ്വകാര്യ ആശുപത്രികളിലെ ഐസലേഷൻ, വെന്റിലേറ്റർ, അഡ്മിഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ വിലയിരുത്തും.
ഡോ.രാകേഷിന്റെ നേതൃത്വത്തിലുള്ള എക്‌സ്‌പേർട്ട് സ്റ്റഡി കോ ഓർഡിനേഷൻ ടീം കോവിഡ് 19 ബാധയെക്കുറിച്ചുള്ള കേസ് സ്റ്റഡിയും യും, ഡാറ്റാ അനാലിസിസും, ട്രൻഡ്അനാലിസിസും നടത്തും.
വീടുകളിൽ ഐസലേഷനിൽ കഴിയുന്നവരെ അടിയന്തരമെങ്കിൽ ആശുപത്രിയിൽ എത്തിക്കേണ്ട ചുമതല ഡോ.നിധീഷ് ഐസക്കിന്റെ ട്രാൻസ്‌പോട്ടേഷൻ ആൻഡ് സ്വാബ് മാനേജ്‌മെന്റിനാണ്. എത്ര സാമ്പിളുകൾ, എവിടെനിന്ന് ശേഖരിക്കുന്നു തുടങ്ങിയ സാമ്പിൾ കളക്ഷൻ സർവൈലൻസിന്റെ ചുമതലയും ഡോ.നിധീഷിനാണ്.
വിഷ്വൽ മീഡിയ, പ്രിന്റ് മീഡിയ, സോഷ്യൽ മീഡിയ എന്നിവയിൽ വരുന്ന വ്യാജവാർത്തകൾ കണ്ടുപിടിക്കുക, സത്യസന്ധമായ വാർത്തകൾ മെഡിക്കൽ ടീമിന് കൈമാറുക, കൂടുതൽ കേസുകൾ വരുന്നുണ്ടോ എന്ന് കണ്ടു പിടിക്കുക എന്നിവയാണ് ഡോ.അംജിത്തിന്റെ കീഴിലുള്ള മീഡിയ സർവൈലൻസിന്റെ ചുമതല. പ്രവർത്തകർക്ക് മുൻ കരുതലുകളും ആത്മവിശ്വാസവും നൽകാൻ ഡെപ്യൂട്ടി ഡി.എം.ഒ
ഡോ.സി.എസ് നന്ദിനിയുടെ കീഴിൽ ട്രെയ്‌നിംഗ് ആൻഡ് അവൈർനസ് ടീമും പ്രവർത്തിക്കുന്നുണ്ട്.