പത്തനംതിട്ട : ഇതരസംസ്ഥാന തൊഴിലാളികൾ കൂട്ടമായി നാട് വിടുകയാണ്. കൊറോണ ഭീതിയേക്കാൾ ജോലിയില്ലാത്തതിനാൽ മടങ്ങുന്നുവെന്നാണ് ഇവർ പറയുന്നത്. ഇതിൽ പത്ത് വർഷമായി പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്നവരും ഉണ്ട്. പണിയില്ലാതായിട്ട് ഒരാഴ്ചയിലേറെയായി. ജോലിയുണ്ടോയെന്ന് അന്വേഷിക്കുമ്പോൾ ഒരുമാസം പണിയൊന്നും ഇല്ലെന്നാണ് പലരും പറയുന്നത്. കടയിൽ നിന്ന് സാധനം വാങ്ങണമെങ്കിൽ രൂപവേണം. ജോലിയില്ലാതെ എന്ത് ചെയ്യുമെന്ന് അറിയില്ല. തിരികെ മടങ്ങുകയാണ് ഇപ്പോൾ നല്ലതെന്ന് തോന്നുന്നു. നാട്ടിൽ രൂപയും പ്രതീക്ഷിച്ച് കുടുംബങ്ങൾ കാത്തിരിക്കുകയാണ്. അപ്പോൾ ഇവിടെ നിന്നാൽ ബുദ്ധിമുട്ട് കൂടുകയേയുള്ളുവെന്നാണ് ഇതരസംസ്ഥാന തൊഴിലാളികൾ പറയുന്നത്.

ചെങ്ങന്നൂർ, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിൽ തിരിച്ചു പോകുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

 ജില്ലയിൽ രജിസ്റ്റർ ചെയ്ത ഇതരസംസ്ഥാന തൊഴിലാളികൾ : 23765

പത്തനംതിട്ട നഗരസഭ പരിധിയിലാണ് ഏറ്റവും കൂടുതൽ ഇതരസംസ്ഥാന തൊഴിലാളികൾ ഉള്ളത്. പന്തളം , തിരുവല്ല തുടങ്ങിയ സ്ഥലങ്ങളിലും ഇവർ സംഘമായി താമസിക്കുന്നുണ്ട്.

"ഇതരസംസ്ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകിയിരുന്നു. അവർക്ക് രോഗം ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അവർ കൂട്ടമായി തിരിച്ച് പോകുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അന്വേഷിക്കാം. "

കളക്ടർ പി.ബി നൂഹ്

" ഇവർ സംഘമായി നാട് വിട്ടു പോകുന്നുവെന്ന് ശ്രദ്ധയിൽപ്പെട്ടിരുന്നു. രോഗം ഭയന്നാണോ പോകുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. വരും ദിവസങ്ങളിൽ ഇനിയും ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും. "

ടി. സൗദാമിനി

ജില്ലാ ലേബർ ഓഫീസർ