corona-krala

പത്തനംതിട്ട : കൊറോണ വൈറസ് ബാധിതരെന്ന് സംശയിക്കുന്ന നാല് പേരെക്കൂടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 29 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് ഫെബ്രുവരി 25ന് ശേഷം നാട്ടിലെത്തിയ 430 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. അബുദാബി, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, കാനഡ, ദോഹ, ദുബായ്, ജോർജിയ, ജർമനി, ഇറ്റലി, ജിദ്ദ, ഖസാക്കിസ്ഥാൻ, കുവൈറ്റ്, ലണ്ടൻ, മലേഷ്യ, മസ്‌കറ്റ്, ന്യൂസിലാൻഡ്, നൈജീരിയ, നേപ്പാൾ, ഒമാൻ, ഖത്തർ, റിയാദ്, റഷ്യ, സലാല, ഷാർജ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, യു.എസ്.എ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തിയവരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. കൊറോണ രൂക്ഷമായ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 28 ദിവസത്തെയും മറ്റുള്ള രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് 14 ദിവസത്തെയും വീടുകളിലെ നിരീക്ഷണമാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വിഭാഗവും ഏർപ്പെടുത്തിയിട്ടുള്ളത്.
രോഗബാധ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരും വരെ ഇവർ വീടുമായോ സമൂഹമായോ ബന്ധപ്പെടാതെ ഒറ്റയ്ക്ക് നിരീക്ഷണത്തിൽ കഴിയണം.