മല്ലപ്പള്ളി: ഭരണകക്ഷിയിലെ പ്രമുഖ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ നിന്ന് കൂട്ടരാജി. മേഖലാ സെക്രട്ടറി അടക്കം നിരവധി നേതാക്കാൾ രാജി സമർപ്പിച്ചവരിൽപെടുന്നു. സംഘടനാ വിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്ന ചിലസ്ഥാപിത താൽപര്യക്കാർക്കായി നേതൃത്വം ഒത്താശ ചെയ്യുന്നെന്ന് ആരോപിച്ചാണ് പ്രവർത്തകർ രാജി സമർപ്പിച്ചത്. ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന റവന്യൂവകുപ്പിലെ ചില ഉദ്യോഗസ്ഥർ കീഴ് ഘടകങ്ങളോട് ആലോചിക്കാതെയും നടപടി വിരുദ്ധമായും കാര്യങ്ങൾ നടപ്പിലാക്കുന്നു എന്നതാണ് പ്രധാന ആരോപണം. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സംഘടനാതലത്തിൽ പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിനുള്ള രാജിക്ക് കാരണം. ഇതര സംഘടനാ അംഗങ്ങളായ ജീവനക്കാർക്കെതിരെ സ്ഥലംമാറ്റം അടക്കമുള്ള നടപടികൾക്ക് ഗൂഢനീക്കം നടത്തുവെന്ന് ആരോപിച്ച് ബി.ജെ.പി. പ്രവർത്തകർ കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. ജോയിന്റ് കൗൺസിൽ നേതാക്കൾക്കെതിരെ ബി.എം.എസ്. ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ള പ്രവർത്തകരാണ് തഹസീൽദാരെ നേരിൽകണ്ട് വിവരങ്ങൾ കൈമാറിയത്.ഇതിനിടെ ഇടതുപക്ഷ പ്രവർത്തകനും ബി.എം.എസ്. പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും നേതാക്കളെത്തി സമാധനാന്തരീക്ഷത്തിലെത്തിക്കുകയായിരുന്നു. അനാവശ്യ ഇടപെടലുകൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയാണ് ബി.ജെ.പി., ബി.എം.എസ്. പ്രവർത്തകർ പിരിഞ്ഞെങ്കിലും പിന്നീട് ധാരണ ലംഘിക്കപ്പെട്ടതായി ആക്ഷേപമുണ്ട്.റവന്യൂ വകുപ്പിൽ ഇതര സംഘടനാ ജീവനക്കാരെ നിരന്തരം ദ്രോഹിക്കുന്നതായി ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് സംഘടനയുടെ സജീവ പ്രവർത്തകരായ അഞ്ച് പേരുടെ രാജി. മേഖലാ സെക്രട്ടറിയായ റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്റെ രാജി ജില്ലാ നേതൃത്വത്തിനും മറ്റുള്ളവരുടേത് മേഖലാകമ്മിറ്റിക്കുമാണ് നൽകിയിട്ടുള്ളത്. സംഘടനയെ കരുപ്പിടിപ്പിക്കുവാനും മുൻപ് ഭാരവാഹികളായി പ്രവർത്തിച്ചുവന്നവരുമായവരുടെ രാജി ഇടതുപക്ഷ സർവീസ് സംഘടനയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് ജീവനക്കാർ പറയുന്നു.