15stand

പത്തനംതിട്ട : തിരുവല്ല റെയിൽവേ സ്‌റ്റേഷൻ, പത്തനംതിട്ട, തിരുവല്ല, മല്ലപ്പളളി ബസ് സ്റ്റാൻഡുകളിൽ യാത്രക്കാരുടെ പനി ചികിത്സാ പരിശോധന (തെർമൽ സ്‌ക്രീനിംഗ്) ആരംഭിച്ചു. മാർച്ച് 31 വരെയാണ് ഈ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. മൂന്ന് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ രണ്ടു ജെ.പി.എച്ച്.എൻ എന്നിവരുടെ സഹായത്തോടെയാണ് തെർമൽ സ്‌ക്രീനിംഗ് നടത്തുന്നത്.
നിശ്ചിത ഇടവേളകളിൽ ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ അംഗങ്ങളുടെ സഹായത്തോടെ തെർമൽ സ്‌ക്രീനിംഗ് വഴി പനി കണ്ടുപിടിക്കാൻ സാധിക്കും. റെയിവേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡിലും മൈക്കിലൂടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തെത്താൻ നിർദേശിക്കുന്നത്. പനിയുള്ളവരെ കണ്ടെത്തിയാൽ പേര്, സഞ്ചരിച്ച സ്ഥലത്തിന്റെ വിശദവിവരം എന്നിവ യാത്രക്കാർ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. ആവശ്യമെങ്കിൽ ഇവരുടെ നിർദേശപ്രകാരം അടുത്തുള്ള താലൂക്ക് ആശുപത്രികളിലെ ഡോക്ടർമാരെ സന്ദർശിക്കാൻ നിർദേശിക്കും. നിലവിൽ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ രണ്ടു ജെ.എച്ച്.ഐമാരുടെയും രണ്ടു വോളണ്ടിയർമാരുടെയും സേവനം ലഭ്യമാണ്. തിരുവല്ല ബസ് സ്റ്റാൻഡിൽ രണ്ടു ജെ.എച്ച്.ഐമാരുടെ സഹായത്തോടെ പ്രവർത്തനം ആരംഭിച്ചു.
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ ഒരു ജെ.എച്ച്.ഐയുടെയും ഒരു വോളണ്ടിയറുടേയും സഹായത്തോടെ തെർമൽ സ്‌ക്രീനിംഗ് നടക്കുന്നുണ്ട്. അടൂർ, റാന്നി എന്നീ ബസ് സ്റ്റാൻഡുകളിലും ആരോഗ്യവകുപ്പിന്റെ തെർമൽ സ്‌ക്രീനിംഗ് സംവിധാനം ഏർപ്പെടുത്തും.