ചെങ്ങന്നൂർ :ചെങ്ങന്നൂരിലെ റോഡുകളിലും ഓടകളിലും മാലിന്യം നിറയുന്നു.നഗരമദ്ധ്യത്തിലെ പെരുംകുളം പാടത്തുനിന്നും ആരംഭിക്കുന്ന വെട്ടുതോട്ടിൽ പലഭാഗങ്ങളിലുമാണ് മാലിന്യം തള്ളിയിരിക്കുന്നത്.തോട്ടിൽ കൂടിയുള്ള നീരൊഴുക്ക് നിന്നതോടെ മലിനജലം കെട്ടിക്കിടന്ന് പെരുങ്കുളം പാടത്തിനു സമീപമുള്ള വീടുകളിലേയും വെട്ടുതോടിന്റെ സമീപമുള്ള വീടുകളിലും കിണറുകൾ മലിനമായി.ചെറിയ മഴപെയ്താൽ പോലും പെരുങ്കുളം പാടത്തെ വീടുകളിൽ വെള്ളംകയറുന്ന സ്ഥിതിയാണ്.നഗരത്തിലെ മുഴുവൻ മാലിന്യവും ഒഴുകിയെത്തുന്നത് ഈ പ്രധാന വെട്ടുതോട്ടിലേക്കാണ് കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കക്കൂസ് മാലിന്യവും,ഹോട്ടലുകളിലെ മാലിന്യവും സമീപത്തെ തോട്ടിലേക്ക് ഒഴുകിവന്ന് കെട്ടികിടക്കുകയാണ്.കൃഷി ആവശ്യത്തിനായി വെട്ടി ഉണ്ടാക്കിയതാണ് ഈ തോട്.എം.കെ.റോഡിൽ പേരിശേരി റെയിൽവേ മേൽപ്പാലത്തിന്റെ താഴെ,ഇടനാഴിയിലും സമീപം ഇടവഴികളിലും നഗരത്തിന്റെ ഓരോ കോണിലും മാലിന്യം തള്ളുന്നത് കാൽനടക്കാരെയും സമീപവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ട്.ദൂരെ സ്ഥലങ്ങളിൽ നിന്ന് അടുക്കള മാലിന്യവും ഇറച്ചി അവശിഷ്ടങ്ങളും മറ്റുംചാക്കിലും പ്ലാസ്റ്റിക് കവറുകളിലുമാക്കി രാത്രിയുടെ മറവിലാണ് നിക്ഷേപിക്കുന്നത്.എം.കെ.റോഡിലെ കടന്തോട്ടു പാലത്തിന് താഴേക്കും മാലിന്യം എറിയുന്നത് പതിവാണ്. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ കമ്പി വല സ്ഥാപിച്ചിട്ടുണ്ടെങ്കിലും വശങ്ങളിലൂടെ മാലിന്യം എറിയുന്നുണ്ട്.