മല്ലപ്പള്ളി : കൊറോണയുടെ പശ്ചാത്തലത്തിൽ ക്രൈസ്തവ ആരാധനകൾ ഓൺലൈനിൽ ലൈവായി അവതരിപ്പിച്ചു. വിശ്വാസികൾ കൂട്ടമായി എത്താതിരിക്കണമെന്ന സഭാ മേലധികാരികളുടെ അറിയിപ്പുള്ളതിനാൽ പലയിടത്തും ആളുകൾ കുറവായിരുന്നു. ആരാധന ലൈവായി കാണിക്കുന്നതിന് മിക്ക പള്ളികളിലും നവമാദ്ധ്യമങ്ങളിലൂടെ ഇന്റർനെറ്റ് സഹായത്തോടെ അവരവരുടെ വീടുകളിൽ ഇരുന്നാണ് ആരാധനയിൽ പങ്കുകൊണ്ടത്. കൈമുത്തലും, ഹസ്തദാനവും ഒഴിവാക്കിയെങ്കിലും പലയിടത്തും കുർബാന നടത്തിയത് രോഗം പകരാതിരിക്കാനുള്ള മുൻകരുതലോടുകൂടിയാണ്.പെന്തക്കോസ്ത് വിഭാഗങ്ങളുടെ ആരാധനയുടെ ദൈർഘ്യം വളരെയേറെ വെട്ടിച്ചുരുക്കിയാണ് നടന്നത്.റാന്നി മേഖലയിൽ നിന്നുള്ള പാസ്റ്റർമാർ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിവാദമാകുമെന്ന് കരുതി പലരും വിട്ടുനിന്നു.പതിവായി നടക്കാറുള്ള സണ്ടേസ്‌കൂൾ, യുവജന യോഗങ്ങൾ ഉൾപ്പെടെയുള്ളവ മിക്കയിടത്തും ഉപേക്ഷിച്ചു. രോഗവിമുക്തിക്കായി എല്ലാ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥകൾ നടന്നു.