തിരുവല്ല : പെരിങ്ങര പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ പതിവാകുന്ന വെളളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായ നടപടികൾക്ക് തുടക്കമായി. പ്രാരംഭ നടപടിയുടെ ഭാഗമായി തണ്ണീർത്തട സംരക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിച്ച 4.95 ലക്ഷം രൂപ ചെലവഴിച്ച് 11ാം വാർഡിൽ വെള്ളക്കെട്ട് പതിവായിരുന്ന നെന്മേലിൽപ്പടി കക്കുറിഞ്ഞിക്കാവ് റോഡിലെ തൂമ്പ് പുന:സ്ഥാപിക്കലിനും വാച്ചാൽ പുനസ്ഥാപിക്കുന്ന ജോലികൾക്കും തുടക്കമായി. കക്കുറിഞ്ഞിക്കാവിന് സമീപത്ത് നിലനിന്നിരുന്ന തൂമ്പ് പുന:സ്ഥാപിച്ചു.റോഡിന്റെ ഇരു വശങ്ങളിലുമായി നിലനിന്നിരുന്ന വാച്ചാൽ തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള കരിങ്കൽ ഭിത്തിയുടെ നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതോടൊപ്പം ദുരന്ത നിവാരണ ഫണ്ടിൽ നിന്നും അനുവദിച്ച 8.13 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ കോൺക്രീറ്റിംഗും നടക്കും.ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് 11,12 വാർഡുകളിലൂടെ കടന്നുപോകുന്ന പണിക്കോട്ടിൽപ്പടി മാണിക്കത്തകിടി വാച്ചാൽ തോടിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കും കലിങ്കുകളുടെയും തൂമ്പുകളുടെയും പുന:സ്ഥാപനത്തിനുമായി 39 ലക്ഷം രൂപ ചെലവഴിച്ചുള്ള ഒന്നാം ഘട്ട നിർമാണങ്ങൾക്കായുള്ള പദ്ധതി രേഖയും മൈനർ ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതി രേഖകൾ സമർപ്പിച്ചിരുന്നു
വാച്ചാലുകളും തൂമ്പുകളും കൈയേറ്റവും പുന:രുദ്ധാരണ പ്രവർത്തനങ്ങളുടെ അഭാവവും മൂലം നീരൊഴുക്ക് നിലച്ചതോടെ പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിലടക്കമുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് പതിവായ സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം ഈപ്പൻ കുര്യൻ,പഞ്ചായത്ത് അംഗങ്ങളായ പി.ജി പ്രകാശ്, എൻ.എം ഷിബു, ആശാ ദേവി എന്നിവരുടെ നേതൃത്വത്തിലുള്ള മൈനർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥ സംഘം മൂന്ന് മാസം മുമ്പ് വെള്ളക്കെട്ട് പതിവാകുന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയിരുന്നു.തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച പദ്ധതി രേഖകൾ മാത്യു.ടി തോമസ് എം.എൽ.എയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു.
-പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ
- ഇപ്പോൾ നടക്കുന്നത് കരിങ്കൽ ഭിത്തിയുടെ നിർമ്മാണം
-ഒന്നാംഘട്ടത്തിന് 39 ലക്ഷം രൂപ