കോന്നി: ഫുഡ് പ്രൊഡക്ഷൻ ഏരിയായിൽ പട്ടയം ലഭിച്ചിട്ടുള്ള കൃഷിക്കാർക്ക് എല്ലാത്തരം മരങ്ങളും മുറിക്കാൻ ഉടൻ അനുവാദം നൽകി ഉത്തരവിറക്കുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ നിയമസഭയിൽ കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ സബ്മിഷനു മറുപടി നൽകി.1940കളിൽ രാജ്യത്ത് ഭക്ഷ്യക്ഷാമം അതിരൂക്ഷമായതിനെ തുടർന്ന് കർഷകർക്ക് കൃഷി ചെയ്യാൻ വനഭൂമി വിട്ടുനൽകിയിരുന്നു.ഈ ഭൂമിയിൽ കൃഷി ഇറക്കിയാണ് അക്കാലയളവിലെ ഭക്ഷ്യക്ഷാമത്തെ നേരിട്ടത്.കോന്നി നിയോജക മണ്ഡലത്തിലെ സീതത്തോട്,ചിറ്റാർ,തണ്ണിത്തോട്,അരുവാപ്പുലം,കലഞ്ഞൂർ പഞ്ചായത്തുകളിൽ നിരവധി പ്രദേശങ്ങൾ ഇത്തരത്തിൽ കൃഷിക്ക് വിട്ടുകിട്ടിയതാണ്. ഈ ഭൂമി 1956ൽ വനം വകുപ്പ് റവന്യൂ വകുപ്പിനു കൈമാറിയെങ്കിലും കൃഷിക്കാർക്ക് പട്ടയം നൽകിയിരുന്നില്ല.1964ലെ ഭൂമി പതിവ് ചട്ടപ്രകാരമാണ് ഈ ഭൂമിയിൽ കൃഷിക്കാരന് പട്ടയം ലഭിക്കുന്നത്.പട്ടയം ലഭിച്ചെങ്കിലും കൃഷിക്കാരൻ നട്ടുപിടിപ്പിച്ച മരങ്ങൾ ഉൾപ്പടെ മുറിക്കാൻ കഴിയാത്ത വ്യവസ്ഥകൾ അതിൽ ഉൾപ്പെട്ടിരുന്നു.പട്ടയം ലഭിച്ച് മൂന്ന് തലമുറ പിന്നിട്ടിട്ടും പട്ടയഭൂമിയിലെ മരം മുറി ഇപ്പോഴും തർക്ക പ്രശ്‌നമായി കിടക്കുകയാണ്.ഇത് കർഷകരും,വനം,റവന്യൂ വകുപ്പുകളും തമ്മിൽ പലപ്പോഴും സംഘർഷത്തിനും കാരണമാകുന്നുണ്ട്.വീടിനും,ജീവനും ഭീഷണിയായ മരം മുറിച്ചാൽ പോലും കേസുണ്ടാകുന്ന സ്ഥിതിയുണ്ട്.കർഷകൻ നട്ടുവളർത്തിയ എല്ലാ തടികളും മുറിച്ചു മാറ്റാൻ അവകാശം കർഷകന് തന്നെ വേണം എന്ന ആവശ്യം മലയോര മേഖലയുടെ ദീർഘകാല ആവശ്യമാണ്.ഇതിനാണ് ഉടൻ പരിഹാരമാകുമെന്ന് മന്ത്രി നിയമസഭയിൽ ഉറപ്പു പറഞ്ഞത്.ഫുഡ് പ്രൊഡക്ഷൻ ഏരിയായിലെ കർഷകരുടെ പ്രശ്‌നങ്ങൾക്ക് മറുപടിയുടെ അടിസ്ഥാനത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.