പത്തനംതിട്ട : ജില്ലയിൽ കാെറോണ ഭീതി അകലുകയാണ്. നഗരത്തിൽ വാഹനങ്ങൾ ഓടി തുടങ്ങി. പരീക്ഷ ആയതിനാൽ ബസുകളിൽ കുട്ടികളുടെ തിരക്കായിരുന്നു അധികവും അനുഭവപ്പെട്ടത്. റാന്നിയിലേക്ക് ബസുകളുണ്ടെങ്കിലും യാത്ര ചെയ്യാൻ ആളുകൾ കുറവാണ്. ബസ് സ്റ്റാൻഡിൽ യാത്രക്കാർ എത്തുന്നുണ്ട്. കൂടുതൽ ആളുകളും സ്വന്തം വാഹനത്തിൽ ആണ് യാത്ര ചെയ്യുന്നത്. എല്ലാ ഡിപ്പോകളിലും കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചിട്ടുണ്ട്. സ്വകാര്യ ബസുകൾ ഇന്നലെ എൺപത് ശതമാനം സർവീസ് നടത്തി.

ജില്ലാകളക്ടർ പി.ബി നൂഹ് ആർ.ടി.ഒയുമായി ബന്ധപ്പെട്ട് ബസുകൾ നിരത്തിലിറക്കാൻ ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരില്ലാത്തതിനാൽ എല്ലാ ബസുകളും സർവീസ് നടത്തിയില്ല. ഭയക്കേണ്ട സാഹചര്യമില്ലെന്ന് ഭരണകൂടം ഉറപ്പ് തരുന്നുണ്ടെങ്കിലും ബസിൽ യാത്ര ചെയ്യാൻ ചിലർക്ക് പേടിയാണ്. ജീവനക്കാരുടെ വേതനം കഴിഞ്ഞ് ഡീസലിനുള്ള തുക പോലും കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യ ബസുകാർക്ക്.