പത്തനംതിട്ട: കൊറോണ രോഗം സ്ഥിരീകരിക്കുകയും ഭീഷണി ഒഴിഞ്ഞു പോകാതെ നിൽക്കുകയും ചെയ്യുന്ന സമയത്ത് പത്തനംതിട്ട ജനറൽ ആശുപത്രിയെ നയിക്കാൻ സൂപ്രണ്ടില്ല. ഒന്നര വർഷമായി ഒഴിഞ്ഞു കിടക്കുകയാണ് സൂപ്രണ്ടിന്റെ കസേര. നേരത്തെയുണ്ടായിരുന്ന സൂപ്രണ്ട് ഡോ.ശ്രീലത പ്രൊമോഷനായി തിരുവനന്തപുരത്തേക്ക് പോയതോടെയാണ് ആശുപത്രിക്ക് നാഥനില്ലാതായത്. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സാജൻ മാത്യുവും ആർ.എം.ഒ ഡോ. ആശിഷ് മോഹൻ കുമാറുമാണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.
ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ ഒരു കുടുംബത്തിലെ അഞ്ച് പേരെ കോറാേണ വാഹകരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ മതിയായ ഡോക്ടർമാരുണ്ടായിരുന്നില്ല. മൂന്ന് ഫിസിഷ്യൻമാരുടെയും സ്റ്റാഫ് നഴ്സുമാരുടെ ഒഴിവുകളുണ്ടായിരുന്നു. ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുളളവരുടെയും എണ്ണം കൂടിയതോടെ മറ്റു ജില്ലകളിൽ നിന്ന് അടിയന്തരമായി ഡോക്ടർമാരെ എത്തിക്കുകയായിരുന്നു. സ്റ്റാഫ് നഴ്സുമാരെയും എത്തിച്ചു. കോറോണ നിരീക്ഷണത്തിലുളളവർ ആശുപത്രി വിടുമ്പോൾ സ്പെഷ്യൽ ഡ്യൂട്ടിക്കായി എത്തിയ ഡോക്ടർമാരും നഴ്സുമാരും മടങ്ങും.
ഭരണ നിർവഹണം നടത്തേണ്ട സൂപ്രണ്ടിന്റെ അഭാവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ടും ആർ.എം.ഒയും വിശ്രമമില്ലാതെ പ്രവർത്തിച്ചാണ് വീഴ്ചയില്ലാതെ ആശുപത്രി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. മറ്റ് ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ഇവർക്ക് പിന്തുണ നൽകുന്നുണ്ട്. സർക്കാർ തലത്തിൽ നടപടിയുണ്ടാകാത്തതാണ് സൂപ്രണ്ട് നിയമനം വൈകാൻ കാരണമെന്ന് ആക്ഷേപമുണ്ട്. സൂപ്രണ്ടിനെ നിയമിക്കണമെന്ന് ആശുപത്രി മാനേജിംഗ് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.
>>
'' സൂപ്രണ്ടില്ലാത്ത വിഷയം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ജില്ലാ മെഡിക്കൽ ഒാഫീസർക്ക് തുല്ല്യമായ പദവിയാണ് ജനറൽ ആശുപത്രി സൂപ്രണ്ടിന്റേത്. അങ്ങനെയൊരാളിന്റെ അഭാവം കാരണമാണ് സൂപ്രണ്ട് നിയമനം വൈകുന്നത്.
വീണാ ജോർജ് എം. എൽ.എ.