ചെങ്ങന്നൂർ : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക്ക് തുറന്നു. ചെങ്ങന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ഹെൽപ് ഡെസ്കിൽ നാഷണൽ ഹെൽത്ത് മിഷന്റെ രണ്ട് നഴ്സുമാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ശബരിമല തീർത്ഥാടകരടക്കം നിരവധിയാളുകൾ ദിനംപ്രതി എത്തുന്ന റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ആവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഹെൽപ് ഡെസ്ക് സ്ഥാപിച്ചത്. വൈറസ് ബാധ തടയുന്നതിനായി സ്വീകരിക്കേണ്ട മുൻകരുതലുകൾ,മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത,ശാസ്ത്രീയമായി കൈകൾ കഴുകേണ്ട രീതി,തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ഹെൽപ് ഡെസ്ക് വഴി ലഭിക്കും.
ചെങ്ങന്നൂരിൽ പ്രത്യേക നിരീക്ഷണവും പരിശോധയും
ചെങ്ങന്നൂർ :കൊറോണയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചെങ്ങന്നൂർ നഗരസഭാദ്ധ്യക്ഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോധവത്കരണ പരിപാടിയും പരിശോധനകളും നടത്തി.റെയിൽവേ സ്റ്റേഷൻ,കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ്,ഹോട്ടലുകൾ, ലോഡ്ജുകൾ, മറ്റു പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് നിരീക്ഷണവും ബോധവത്ക്കരണവും നടത്തിയത്.റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ എത്തിയവരോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് സംസാരിച്ചു. ഇതര സംസ്ഥാനക്കാർക്കായി ഹിന്ദിയിലും ബോധവത്ക്കരണം നൽകി. ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ സോപ്പ്,സാനിറ്റൈസർ എന്നിവ യുണ്ടോയെന്നും ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്നും സംഘം വിലയിരുത്തി.ബോധവത്ക്കരണം,മുൻകരുതൽ എന്നിവ സംമ്പന്ധിച്ച നഗരസഭ താറാക്കിയ ബ്രോഷർ വാർഡുകളിൽ വിതരണം ചെയ്തു തുടങ്ങി.വരും ദിവസങ്ങളിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധനയും ബോധവത്ക്കരണവും തുടരും. നഗരസഭാദ്ധ്യക്ഷൻ കെ.ഷിബു രാജൻ,സി.ഐ.എം.സുധി ലാൽ,ആർ.പി.എഫ്. എസ്.ഐ. പി. രാധാകൃഷ്ണൻ, ആരോഗ്യ പ്രവർത്തക രമണി വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.