പത്തനംതിട്ട: കൊറോണ ഭീതിയിൽ സ്വകാര്യ ബസുകൾ നിരത്തിലിറക്കാതായതോടെ പരീക്ഷയെഴുതേണ്ട വിദ്യാർത്ഥികൾ വലയുന്നു. റാന്നി,സീതത്തോട്,ചിറ്റാർ,വടശേരിക്കര,പത്തനംതിട്ട,കോഴഞ്ചേരി,മല്ലപ്പള്ളി,അടൂർ പ്രദേശങ്ങളിലാണ് ഇന്നലെ രാവിലെ വിദ്യാർത്ഥികൾ വലഞ്ഞത്.സർവീസ് നടത്തിയ കുറച്ച് ബസുകളിൽ തിക്കും തിരക്കുമായി. കൊറോണ തിരക്ക് ഒഴിവാക്കാനായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ശക്തമായ പ്രചാരണം നടത്തിവരുമ്പോഴാണ് ബസുകളുടെ അഭാവത്തിൽ തിരക്ക് വർദ്ധിച്ചത്. രാവിലെ 9.30ന് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്കെത്തേണ്ട വിദ്യാർത്ഥികൾ മാനസിക സംഘർഷത്തിലാണ് പരീക്ഷാ ഹാളിലെത്തിയത്. പല റൂട്ടുകളിലും പരീക്ഷ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് കുട്ടികളെത്തിയത്. സർവകലാശാല പരീക്ഷകൾ ഇന്നലെ ആരംഭിച്ചതിനാൽ വിദൂരങ്ങളിലേക്കു പോകേണ്ട കുട്ടികളും ബുദ്ധിമുട്ടി. രാവിലെ ദീർഘദൂര യാത്ര നടത്തേണ്ട വിദ്യാർത്ഥികൾക്കും ബസുകൾ ലഭിച്ചില്ല. കുട്ടികൾക്ക് ജില്ലയ്ക്കു പുറത്ത് ലോഡ്ജുകളിലും ഹോസ്റ്റലുകളിലും താമസിക്കാൻ സൗകര്യം ലഭിച്ചിരുന്നതുമില്ല.
ബസുകൾ സർവീസ് നടത്തണം: ആർ.ടി.ഒ
പത്തനംതിട്ട: യാത്രക്കാരുടെ കുറവിന്റെ പേരിൽ നിരത്തുകളിൽ നിന്നും മാറിനിൽക്കുന്ന എല്ലാ സ്വകാര്യബസുകളും സർവീസിനെത്തണമെന്ന് ആർ.ടി.ഒ നിർദേശിച്ചു. ഇന്നലെ രാവിലെ ജില്ലയിൽ അനുഭവപ്പെട്ട യാത്രാബുദ്ധിമുട്ട് ജില്ലാ കളക്ടറുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇതു സംബന്ധമായ നടപടി സ്വീകരിക്കാൻ ആർ.ടി.ഒയ്ക്കു നിർദേശം ലഭിക്കുകയായിരുന്നു. കെ.എസ്.ആർ.ടി.സി ഷെഡ്യൂളുകളും മുടങ്ങാതെ ഓടിക്കാനുള്ള നിർദേശമുണ്ട്.
1. സർവീസ് നടത്തുന്ന ബസുകളിൽ തിക്കും തിരക്കും
2. പരീഷാ ഹാളിൽ വിദ്യാർത്ഥികളെത്തിയത് മാനസീക സംഘർഷത്തിൽ
3. ദൂരെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി