റാന്നിയിൽ വാർഡ് യോഗങ്ങൾ
റാന്നി: കൊറോണ പ്രതിരോധപ്രവർത്തനങ്ങളും ജാഗ്രതയും തുടരണമെന്ന് രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. റാന്നിമേഖല അടിയന്തര അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ മുൻകരുതലിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിലെ വാർഡ്തലത്തിൽ ഇന്ന് യോഗം ചേരും. നിരീക്ഷണത്തിലിരിക്കുന്നവർ വീടുകളിൽതന്നെ കഴിയുന്നുവെന്നു ഉറപ്പുവരുത്തും.
നിരീക്ഷണത്തിൽ വീടുകളിൽ കഴിയുന്ന കുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. ഇതിനായി താലൂക്ക് ആശുപത്രിയുടെ ഒന്നും മാർ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റെ മൂന്നും ആംബുലൻസുകൾ തയ്യാറാക്കിക്കഴിഞ്ഞു. ഇന്ന് മുതൽ ഈ കുട്ടികളെ ആംബുലൻസുകളിൽ സ്‌കൂളുകളിൽ പരീക്ഷ എഴുതിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യും. നിരീക്ഷണത്തിലുള്ളവർക്ക് ആഹാരവും മറ്റു സഹായങ്ങളും കൃത്യമായി എത്തിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതർ യോഗത്തിൽ അറിയിച്ചു. നിരീക്ഷണത്തിലുള്ളവർ താമസിക്കുന്ന മേഖലകളിൽ വാട്ടർ അതോറിട്ടി കുടിവെള്ളം ഉറപ്പുവരുത്തണമെന്നു എം.എൽ.എ നിർദേശിച്ചു.
ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ.ഫിലിപ്പ്, റാന്നി തഹസിൽദാർ സാജൻ വി.കുര്യാക്കോസ്, റാന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ശംഭു എന്നിവർ നേതൃത്വം നൽകി.
നിർദ്ദേശങ്ങൾ പാലിക്കണം
തിരുവല്ല: മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് മാത്യു ടി തോമസ് എം.എൽ.എ പറഞ്ഞു. അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. വ്യക്തിശുചിത്വത്തിനാവശ്യമായ സാനിറ്റൈസറും തൂവാലയും ജില്ലാ കളക്ടർ എം.എൽ.എയ്ക്ക് കൈമാറി 'ബ്രെയ്ക് ദി ചെയിൻ' ക്യാമ്പയിന് തുടക്കംകുറിച്ചു. ഓരോ ഗ്രാമപഞ്ചായത്തും അതത് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രൈമറി, സെക്കൻഡറി കോൺടാക്ട് ലിസ്റ്റ് ശേഖരിക്കണം. ആളുകൾ കൂടുന്ന ചടങ്ങുകൾ പരമാവധി കുറയ്ക്കണമെന്നും എല്ലാവരും വ്യക്തിശുചിത്വം പാലിക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
ആലപ്പുഴ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികൾക്ക് ക്ലാസെടുത്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ.റെജി തോമസ്, എസ്.വി.സുബിൻ, തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ, ഡി.പി.എം ഡോ.എബി സുഷൻ, തിരുവല്ല തഹസിൽദാർ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.
അടൂരിൽ വാളണ്ടിയർ ഗ്രൂപ്പിനെ നിയോഗിക്കും
അടൂർ: കൊറോണ പ്രതിരോധത്തിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ, ആശ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ എല്ലാവരുടെയും പങ്കാളിത്തോടെ കാര്യക്ഷമമായ പ്രവർത്തനം നടത്തുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. അടൂർ നിയോജകമണ്ഡലം അവലോകനയോഗത്തിൽ അദ്ധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിൽ ഒൻപതു പഞ്ചായത്തുകളിലായി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 629 നിരീക്ഷണത്തിലുണ്ട്. ഇവർ 14 ദിവസം നിരീക്ഷണത്തിൽ തുടരണമെന്നു നിർദേശിച്ചിട്ടുണ്ട്. ഈ പഞ്ചായത്തുകളിൽ പ്രത്യേകയോഗം ചേരുന്നുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്ത് ശുചീകരണം നടത്താനും ബോധവൽക്കരണം സംഘടിപ്പിക്കാനും തീരുമാനിച്ചു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത് ഉറപ്പുവരുത്താൻ ഓരോ വാർഡിലും ആവശ്യമായ വാളണ്ടിയർ ഗ്രൂപ്പിനെ നിശ്ചയിക്കാൻ തീരുമാനിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരിൽ സഹായികളെ ആവശ്യമായവർക്ക് ഗ്രാമപഞ്ചായത്ത് സഹായികളെ എത്തിക്കും. നിരീക്ഷണത്തിലിരിക്കുന്നവർക്ക് ഭക്ഷണ കിറ്റ് എത്തിച്ചു കൊടുക്കും. കെ.എസ്.ആർ.ടി.സി അടൂർ, പന്തളം ഡിപ്പോകളിൽ കൊറോണയുമായി ബന്ധപ്പെട്ട് അനൗൺസ്‌മെറ്റ് നടത്തും. ഹെൽപ്പ്‌ഡെസ്‌ക്ക് സ്ഥാപിക്കുന്നതിനും സാനിറ്റേഷൻ പ്രവർത്തനങ്ങൾക്കാവശ്യമായ വോളന്റിയർമാരെ നിയമിക്കുന്നതിനും തീരുമാനമായി.
പൊതുയിടങ്ങളിൽ സാനിറ്റൈസർ
പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ തദേശസ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് 19 രോഗബാധാ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിച്ച നടപടികളും മുൻകരുതലും വിലയിരുത്തുന്നതിനായി പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന യോഗത്തിൽ വീണാ ജോർജ് എ.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പ്രൈമറി, സെക്കൻഡറി തലത്തിൽ നീരീക്ഷണത്തിലുളള കുട്ടികൾക്ക് പരീക്ഷ എഴുതുന്നതിന് ആരോഗ്യവകുപ്പുമായി ചേർന്ന് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് , വാർഡ് അടിസ്ഥാനത്തിൽ യോഗം ചേർന്ന് ജനങ്ങളെ ബോധവൽക്കരിക്കണം. പൊതുസ്ഥലങ്ങളിൽ കൈ കഴുകുന്നതിന് സാനിറ്റൈസർ ഉൾപ്പെടെ ആവശ്യമുളള ക്രമീകരണങ്ങൾ ഒരുക്കണമെന്ന് പഞ്ചായത്തുകൾക്ക് നിർദേശം നൽകി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, പത്തനംതിട്ട നഗരസഭാ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷ്, ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ, ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാർ എന്നിവർ വൈറസ്ബാധ തടയുന്നതിന് സ്വീകരിച്ച മുൻകരുതലുകളെപ്പറ്റിയും ഓരോ ഗ്രാമപഞ്ചായത്തിലും പ്രൈമറി, സെക്കന്ററി തലങ്ങളിൽ നിരീക്ഷണത്തിലുളളവരുടെ വിവരങ്ങൾ, വിദേശത്ത് നിന്ന് എത്തിയിട്ടുളളവരുടെ വിവരങ്ങൾ എന്നിവയെപ്പറ്റി വിശദീകരിച്ചു.
പത്തനംതിട്ട ജനറൽ ആശുപത്രി കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റി ഡോ.നസ്രിൻ വിശദീകരിച്ചു. യോഗത്തിൽ, എൽ.ആർ ഡെപ്യൂട്ടി കളക്ടർ എസ്.ശിവപ്രസാദ്, കോഴഞ്ചേരി തഹസിൽദാർ, പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്, വിവിധ പ്രാഥമിക ആരോഗ്യകേന്ദ്രം ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കോന്നിയിൽ നിരീക്ഷണത്തിൽ 592 പേർ
കോന്നി: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വീകരിച്ച നടപടികളും മുൻകരുതലും വിലയിരുത്തുന്നതിനായി കോന്നിയിൽ കെ.യു.ജനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. മണ്ഡലത്തിൽ പ്രൈമറി കോൺടാക്ടിൽ 23 പേരും സെക്കൻഡറി കോൺടാക്ടിൽ 66 പേരും ഉൾപ്പെടെ 592 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. പഞ്ചായത്തുതല ഹെൽത്ത് ഇൻസ്‌പെക്ടർമാർ തങ്ങളുടെ പഞ്ചായത്ത്, വാർഡ് തലത്തിൽ ചെയ്യുന്ന പ്രതിരോധപ്രവർത്തനങ്ങൾ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവയും പ്രൈമറി, സെക്കൻഡറി കോൺടാക്ടിലുള്ളവർ എത്രപേരുണ്ടന്നും യോഗത്തിൽ വിശദീകരിച്ചു.
കോന്നി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, പഞ്ചായത്ത് പ്രസിഡന്റുമാരായ റോബിൻ പീറ്റർ, രവികല എബി, തോമസ് മാത്യു, എം.വി അംബിളി, സുനിൽ വർഗീസ് ആന്റണി, മനോജ് കുമാർ, പി.രജനി, കെ.ജയലാൽ, ആർ.ആർ ഡെപ്യൂട്ടി കളക്ടർ ജെസിക്കുട്ടി മാത്യു, കോന്നി തഹസിൽദാർ, കോന്നി താലൂക്ക് ഓഫീസ് സൂപ്രണ്ട് ഡോ.ഗ്രേസ് എം. ജോർജ്, ആർ.എം.ഒ ഡോ. അരുൺ, ഹെൽത്ത് സൂപ്പർവൈസർ സി.വി രാജൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.