17-cgnr-thee
കാരയ്ക്കാട് തീപിടിച്ച വീടിലേക്ക് ഫയർഫോഴ്സ് ജീവനക്കാർ വെള്ളം ഒഴിക്കുന്നു

ചെങ്ങന്നൂർ: വീടിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു.കാരയ്ക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് കനാൽ റോഡിന് സമീപമുള്ള ഹരിതാ ഭവനത്തിൽ വാസുദേവൻ (ഹരിദാസ്) ന്റെ വീടാണ് കത്തിനശിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വീട്ടിൽ ആരുമില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.ഷോട്ട് സർക്യൂട്ടാകാം തീപിടുത്തകാരണമെന്നാണ് പ്രാഥമീക നിഗനമനം. വീട്ടുപകരണങ്ങൾ, മകളുടെ പഠനോപകരണങ്ങൾ,വസ്ത്രങ്ങൾ ആധാർ കാർഡ്,ബാങ്ക് പാസ്ബുക്ക്,തുടങ്ങി വിലപ്പെട്ട രേഖകൾ അടക്കം സകലതും കത്തിച്ചാമ്പലായി. വാസുദേവന് ഇലക്ട്രിക് / ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ റിപ്പയറിംഗ് ജോലിയാണ്. വീട്ടിനുള്ളിൽ റിപ്പയറിംഗിനായി കൊണ്ടുവന്ന ആംപ്ലിഫയർ,ടേബിൾഫാൻ,മിക്സി,സീലിംഗ് ഫാനുകൾ,എമർജൻസി ലൈറ്റുകൾ,ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങി മുഴുവൻ സാധനങ്ങളും അഗ്നിക്കിരയായി. ഗ്യാസ് സിലിണ്ടറിനും തീ പിടിച്ചത് തീവ്രത വർദ്ധിപ്പിച്ചു. രണ്ടു മുറികളും അടുക്കളയും ഉൾപെട്ടതാണ് ഇവരുടെ വീട്. ആസ്ബറ്റോസ് ഷീറ്റാണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.ചെങ്ങന്നൂരിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരിയുടെ നേതൃത്വത്തിൽ ഇരുപതോളം ഫയർ സംഘം രണ്ട് മണിക്കൂറത്തെ പരിശ്രമഫലമായി തീ അണച്ചു.വെൺമണി -ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പൊലീസും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.15ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.