ചെങ്ങന്നൂർ: മഹാദേവർ ക്ഷേത്രത്തിലെ ദേവീ തൃപ്പൂത്തായി. ആറാട്ട് വ്യാഴാഴ്ച രാവിലെ എട്ടിന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ നടക്കും. മലയാള വർഷത്തെ നാലാമത്തെ തൃപ്പൂത്താണിത്. എന്നാൽ കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്തെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാവും ചടങ്ങുകൾ നടത്തുകയെന്ന് ദേവസ്വം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.തിരക്ക് കുറയ്ക്കാൻ ചടങ്ങിൽ നിന്ന് ആനയെ ഒഴിവാക്കി ബിംബം മാത്രമേ എഴുന്നള്ളിക്കൂ.കൂടാതെ ആറാട്ട് കടവിലെയും തുടർന്നുള്ള തിരിച്ചെഴുന്നള്ളിപ്പിനും പരമ്പരാഗതമായി റോഡിന് ഇരുവശത്തുമായി ഭക്തജനങ്ങൾ സമർപ്പിച്ചു വരുന്ന നിറപറയും മുൻകരുതൽ എന്ന നിലയിൽ ഒഴിവാക്കിയിട്ടുണ്ട്.താലപ്പൊലി, വഴിപാടുകളും ക്ഷേത്രത്തിൽ നടന്നു വരുന്ന അന്നദാനവും ഉണ്ടാവില്ല. പടിഞ്ഞാറേ നടയിൽ തിരക്കു കൂട്ടാതെ ഭക്തർക്ക് നിറപറ സമർപ്പിക്കാവുന്നതാണ്. ആറാട്ട് ദിവസം മുതൽ 12 ദിവസം ദേവിയുടെ പ്രധാന വഴിപാടായി കണക്കാക്കുന്ന ഹരിദ്രപുഷ്പാഞ്ജലി ഉണ്ടായിരിക്കുമെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.സി. ശ്രീകുമാരി, ഉപദേശക സമിതി പ്രസിഡന്റ് എസ്.നന്ദകുമാർ, സെക്രട്ടറി ശശി.എസ്.പിള്ള തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.