പത്തനംതിട്ട: സംസ്ഥാനത്തു കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പോരായ്മകൾ ചൂണ്ടിക്കാട്ടുന്നവരെ സി.പി.എമ്മിന്റെ സൈബർ ഗുണ്ടകൾ ആക്രമിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തിൽ സർക്കാരിനുണ്ടായ പിഴവാണ് ഇറ്റലിയിൽ നിന്നുള്ള റാന്നി സ്വദേശികൾ കൊറോണ പരത്താൻ കാരണമായത്. സ്വന്തം പിഴവ് മറച്ചുവയ്ക്കാൻ റാന്നി സ്വദേശികളെ വാക്കാൽ ആക്രമിക്കുന്ന സമീപനമാണ് ആരോഗ്യമന്ത്രിയുടേത്. സി.പി.എമ്മിന്റ സൈബർ പോരാളികൾ ഇത് ഏറ്റെടുത്തിരിക്കുകയാണ്. യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞ പ്രതിപക്ഷ നേതാവിനെയും ആക്രമിക്കുകയാണ്.
ഇറ്റലിയിൽ നിന്നെത്തിയവരുടെ ഭാഗത്തു പിഴവുണ്ടെങ്കിൽ സർക്കാർ സംവിധാനങ്ങൾ ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്രമാത്രം ഒരു ഭീഷണി കേരളത്തിനുണ്ടാകുമായിരുന്നില്ല. മൂന്നാറിൽ സർക്കാർ വക റിസോർട്ടിൽ കഴിഞ്ഞ വിദേശി കൊറോണ സ്ഥിരീകരിച്ചശേഷവും യാത്ര ചെയ്തു വിമാനത്താവളത്തിൽ എത്തിയതും തിരുവനന്തപുരം ശ്രീചിത്തിരയിലെ ഡോക്ടർ രോഗംവഹിച്ചുകൊണ്ട് രോഗികളെ പരിശോധിച്ചതുമെല്ലാം ആരോഗ്യവകുപ്പിന്റെ പിഴവ് കൊണ്ടുണ്ടായതാണ്. സ്രവപരിശോധനയുടെ ഫലംപുറത്തുവന്നാൽ അതു പോസിറ്റീവാണെങ്കിൽ പുറംലോകത്തെ അറിയിക്കണമെങ്കിൽ മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ വേണമെന്നതാണ് നിലപാട്. ഇത്തരത്തിൽ അറിയിക്കാൻ വൈകിയതിലെ വിടവിലാണ് മൂന്നാറിൽ കഴിഞ്ഞിരുന്ന വിദേശി രക്ഷപെടാൻ ശ്രമി്ച്ചതെന്നും മധു ചൂണ്ടിക്കാട്ടി.