പത്തനംതിട്ട : ജില്ലയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച എട്ട് മുതൽ വിവിധ പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ് തിരക്കിലാണ്. ജനങ്ങളെ ഭയപ്പെടുത്താതെ രോഗത്തിന്റെ പ്രത്യേകതകളെക്കുറിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും ജനങ്ങൾ അതിന്റെ ഗൗരവം മനസിലാക്കിയോ എന്ന് സംശയമുണ്ടെന്ന് പത്തനംതിട്ട ഡി.എം.ഒ എ.എൽ.ഷീജ പറയുന്നു. ഐസൊലേഷനിൽ ഉള്ള രണ്ട് പേർ പുറത്തുപോയി. ദുബായിൽ നിന്ന് വന്ന ഒരാളെ ട്രേസ് ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ. ഇറ്റലിയും ചൈനയും പോലുള്ള രാജ്യങ്ങൾ ഈ രോഗം മൂലം വലിയ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുമ്പോൾ ഇവിടൊന്നും സംഭവിക്കില്ല എന്ന് വിചാരിക്കരുത്. എല്ലാവരും ഒരു പോലെ വിചാരിച്ചെങ്കിൽ മാത്രമേ വൈറസിനെ നമുക്ക് പ്രതിരോധിക്കാൻ കഴിയു. കൂട്ടം കൂടുന്നത് എത്ര വലിയ കാര്യവും ആയിക്കോട്ടെ അത് ഉപേക്ഷിച്ച് വീട്ടിനുള്ളിൽ കഴിയാൻ ശ്രമിക്കണം. നമ്മൾ മറ്റൊരാൾക്ക് രോഗം നൽകാതിരിക്കാൻ ശ്രദ്ധിക്കണം. അടുത്ത മാസം പതിനഞ്ച് വരെ ഈ പ്രവർത്തനങ്ങൾ എല്ലാം തുടരും.
ശേഷമുള്ള കാര്യങ്ങളിൽ പദ്ധതികൾ തയാറാക്കുന്നുണ്ട്.
കൂട്ടം കൂടരുതെന്ന് നിർദേശം ഉള്ളപ്പോൾ ഐസൊലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനും വിതരണം ചെയ്യാനും നിരവധി സംഘങ്ങൾ ചേരുന്നുണ്ട്. അത് പ്രശ്നം ഗുരുതരമാക്കില്ലേ?
ഐസൊലേഷനിൽ ഉള്ളവർക്ക് ആഹാരം നൽകുന്നത് പഞ്ചായത്തിന്റെ ചുമതലയാണ്. ഇതിന്റെ പേരിൽ വലിയ കൂട്ടങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അത് അംഗീകരിക്കാൻ പറ്റില്ല. മാത്രവുമല്ല ഇവരിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുകയും വേണം. വലിയ സംഘം ചേരൽ അനുവദനീയമല്ല. ജനങ്ങൾ എല്ലാവരും രോഗത്തിന്റെ ഗൗരവം മനസിലാക്കണം. വ്യക്തി ശുചിത്വം നിർബന്ധമാണ് എല്ലാവർക്കും. വലിയ കൂട്ടങ്ങൾ ചേരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല.