പത്തനംതിട്ട: നഗരത്തിലെ കണ്ണായ സ്ഥലത്തെ കൊത്തുവാൾപ്പടി-അമല റോഡിന് വീതി കൂട്ടാനുളള നഗരസഭ നിർദേശം നടപ്പാക്കാതെ ആറ് വർഷം. നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന്റെ മുൻവശത്ത് ബാറിനോട് ചേർന്നുളള റോഡാണ് വീതി കൂട്ടാതെ കിടക്കുന്നത്. സ്ഥലം വിട്ടു കൊടുക്കാൻ ചില പ്രദേശവാസികൾ തയാറായെങ്കിലും നഗരസഭ നടപടിക്ക് മടിക്കുകയാണ്. റിയൽ എസ്റ്റേറ്റ് മാഫിയയുടെ സമ്മർദ്ദത്താലാണ് വീതി കൂട്ടൽ നടക്കാതെ പോയതെന്ന് ആക്ഷേപമുണ്ട്.120 മീറ്റർ നീളവും 3.5 മീറ്റർ വീതിയും മാത്രമാണ് റോഡിനുളളത്.ചില ഭാഗങ്ങളിൽ മൂന്ന് മീറ്റർ വീതിയാണുളളത്. ഒാടക്ക് മുകളിൽ കൂടി കവറിംഗ് സ്ളാബിട്ടാണ് 3.5 മീറ്റർ വീതിയാക്കിയത്. റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ മാത്രമാണ് സഞ്ചരിക്കുന്നത്. റോഡ് 7 മീറ്ററായി വീതികൂട്ടാനായിരുന്നു നിർദേശം. ഇതിന് ഭൂമിയേറ്റെടുക്കേണ്ടി വരും.ചിലർ ഭൂമി വിട്ടു നൽകാൻ തയാറായിരുന്നു.പുതിയ പദ്ധതി ഏറ്റെടുക്കാൻ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നായിരുന്നു റോഡ് വീതി കൂട്ടണമെന്ന് നഗരസഭയിൽ അപേക്ഷ നൽകി സ്ഥലം വിട്ടു നൽകാൻ തയാറായ പത്തനംതിട്ട ഗുഡ് വിൽ ഹൗസിൽ വർഗീസ് മാത്യുവിന് നഗരസഭ നൽകിയ മറുപടി.കൊത്തുവാൾപ്പടി - അമല റോഡിന്റെ അറ്റകുറ്റപ്പണിക്ക് പോലും പണമില്ലെന്നാണ് നഗരസഭയുടെ വാദം. ഏകദേശം 18ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് നഗരസഭ കണക്കാക്കിയത്.പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റേഷന് മുന്നിൽ നിന്ന് തൈക്കാവ് സ്കൂളിലേക്ക് എത്താനുളള എളുപ്പ വഴിയാണ് കൊത്തുവാൾപ്പടി - അമല റോഡ്.
120 മീറ്റർ നീളം.
നിലവിലെ വീതി 3.5 മീറ്റർ.
നിർദേശം 7 മീറ്ററാക്കാൻ.