പത്തനംതിട്ട: കൊറോണ രോഗ ബാധയുമായി ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും നിലയിൽ മാറ്റമില്ല. ഇവരുടെ സ്രവങ്ങൾ മൂന്നു തവണ പരിശോധിച്ചപ്പോഴും പോസിറ്റീവാണ്. ഫലം നെഗറ്റീവ് ആകുന്നതു വരെ ആശുപത്രിയിൽ തുടരണം. ഒന്നിടവിട്ട ദിവസങ്ങളിലാണ് സ്രവ പരിശോധന. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കളായ ഏഴുപേരാണ് പത്തനംതിട്ട, കോഴഞ്ചേരി ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

ഇറ്റലിയിൽ നിന്ന് മാതാപിതാക്കളും മകനുമടങ്ങുന്ന മൂന്നംഗ കുടുംബമാണ് കൊറോണാ വാഹകരായി റാന്നിയിലെത്തിയത്. ഗൃഹനാഥന്റെ അയൽക്കാരായ സഹോദരനെയും ഭാര്യയെയും പനിയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് കൊറോണ കണ്ടെത്തിയത്. ഇറ്റലിയിൽ നിന്നെത്തിയവരിൽ പിന്നീട് കൊറോണ സ്ഥിരീകരിച്ചു.

അഞ്ചു പേരും പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. മൂന്നംഗ കുടുംബത്തിലെ യുവാവ് സന്ദർശിച്ച ബന്ധുവീട്ടിലെ അമ്മയും മകളും കൊറോണബാധയെ തുടർന്ന് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

അഞ്ചു പേരുടെയും ആരോഗ്യനില ആശങ്കാജനകമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ചാനലുകളോടു സംസാരിച്ചതിന് കൊറോണ രോഗികളുടെ മൊബൈൽ ഫോണുകൾ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ആശുപത്രി അധികൃതർ വാങ്ങി സൂക്ഷിച്ചിരിക്കുകയാണ്.