പത്തനംതിട്ട : കൊറോണ വൈറസ് സ്ഥിരീകരിച്ച ദിവസം മുതൽ ഇതുവരെയും നിരന്തരമായ ബോധവൽക്കരണം നടക്കുന്നുണ്ട്. ഭയപ്പെടേണ്ട, ജാഗ്രതമതി എന്നു പറയുമ്പോഴും ആ ജാഗ്രത എത്രത്തോളമുണ്ടെന്ന് മനസിലാക്കണമെന്ന് കളക്ടർ പി.ബി.നൂഹ് പറയുന്നു. ഐസോലേഷനിൽ കഴിയുന്നവരെ കാണാതാകുന്ന നടപടി ഗൗരവമായി കാണണം. ഇത്രയധികം ബോധവൽക്കരണം നടത്തിയിട്ടും മനസിലായില്ലെങ്കിൽ ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ കഴിയും. മറ്റൊരാൾക്ക് രോഗം നൽകരുത്. ദിവസവും സോഷ്യൽ മീഡിയയിലും ദൃശ്യ,പത്ര മാദ്ധ്യമങ്ങളിലും ഇത് മാത്രമാണ് കാണാൻ കഴിയുക. എന്നിട്ടും മനസിലാക്കുന്നില്ലെങ്കിൽ അവരുടെ പ്രശ്നമാണത്. എല്ലാവരുടേയും പിന്തുണയും സഹകരണവും ഉണ്ടെങ്കിൽ മാത്രമേ പ്രതിരോധിക്കാൻ സാധിക്കു.

കൂട്ടം കൂടരുതെന്ന് നിർദേശം ഉള്ളപ്പോൾ ഐസൊലേഷനിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനും വിതരണം ചെയ്യാനും നിരവധി സംഘങ്ങൾ ചേരുന്നുണ്ട്. അത് പ്രശ്നം ഗുരുതരമാക്കില്ലേ?

ഏത് തരത്തിലുള്ള സംഘം ചേരലും അനുവദനീയമല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അങ്ങനെ കണ്ടാൽ വിവരം അറിയിക്കാം. ഭക്ഷണം എത്തിക്കുന്നത് പഞ്ചായത്താണ്. സന്നദ്ധ സംഘടനകൾ ഭക്ഷണമോ സാധനങ്ങളോ വിതരണം ചെയ്യുന്നതിൽ തെറ്റില്ല. എന്നാൽ ആവശ്യമായ മുൻകരുതലുകൾ നിർബന്ധമായും എടുത്തിരിക്കണം. പക്ഷെ ഇതിന്റെ പേരിൽ വലിയൊരു സംഘം ചേരൽ പാടില്ല. അത് ശ്രദ്ധയിൽപ്പെട്ടാൽ നടപടിയെടുക്കും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നടത്തും.