പത്തനംതിട്ട : കൊറോണ സ്ഥിരീകരിച്ചപ്പോൾ മുതൽ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി മുൻപന്തിയിലുണ്ട് ദിശാ (ഡെമോക്രാറ്റിക് ഇന്റർവെൻഷൻസ് ഇൻ സോഷ്യൽ ആൻഡ് ഹെൽത്ത് ആക്ഷൻ) പ്രവർത്തകർ. വിവിധ വിഭാഗങ്ങളിൽ ജോലിയുള്ള ദിശയിൽ അംഗങ്ങളായവർ ജോലിയുടെ ഇടവേളയിൽ നിന്നാണ് ബോധവൽക്കരണ പ്രവർത്തനങ്ങളുമായി ഇറങ്ങിയിട്ടുള്ളത്. അമ്പത്തിരണ്ട് പേരടങ്ങുന്ന പ്രൊഫഷണൽ സോഷ്യൽ വർക്കർമാരാണിത്. ബോധവൽക്കരണത്തിന് പുറമേ കൗൺസലിംഗ്, ഡെമോ, പാംലെറ്റ് നൽകൽ, സന്നദ്ധ പ്രവർത്തനങ്ങൾ, ഭക്ഷണ കിറ്റ് വിതരണം ചെയ്യൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ടിവർ. അഞ്ച് പേരടങ്ങിയ നാല് സംഘങ്ങളായി തിരിഞ്ഞാണ് ഇവർ പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാർ സ്ഥാപനങ്ങൾ, മറ്റ് സ്ഥാപനങ്ങൾ , സ്കൂളുകൾ, കോളേജുകൾ എന്നിവയിലെല്ലാം വരും ദിവസങ്ങളിൽ ബോധവൽക്കരണം നടത്തും. മാസ്ക് ഉപയോഗിക്കുന്നതെങ്ങനെയെന്നും കൈകൾ കഴുകുന്ന രീതിയുമെല്ലാം ചെയ്ത് കാണിക്കുകയും ചെയ്യും. ഇപ്പോഴും പലരും ഇതൊന്നും മനസിലാക്കുന്നില്ലെന്നും അത് കൂടുതൽ അപകടത്തിൽ എത്തുമെന്നും അത്കൊണ്ടാണ് ബോധവൽക്കരണ പ്രവർത്തനങ്ങൾ നിരന്തരം നടത്തുന്നതെന്നും ദിശാ അധികൃതർ പറയുന്നു.
പത്തനംതിട്ട ചാപ്റ്റർ വനിതാ ശിശുവികസന വകുപ്പ് കാവൽ പദ്ധതി, ദിശ പത്തനംതിട്ട എന്നിയുമായി സഹകരിച്ച് നടത്തുന്ന പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്യാമ്പയിൻ സംഘടിപ്പിച്ചു. ലോക സാമൂഹിക പ്രവർത്തക ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാപ്‌സ് ജില്ലാ സെക്രട്ടറി രമ്യ കെ.തോപ്പിലിന് കളക്ടർ പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ക്യാപ്‌സ് സംസ്ഥാന ട്രഷറർ എം.ബി.ദിലീപ് കുമാർ, ജില്ലാ പ്രസിഡന്റ് ഷാൻ രമേശ് ഗോപൻ, കാവൽ പദ്ധതി കോഓർഡിനേറ്റർ ഷിജു എം.സാംസൺ, ഒ.ആർ.സി കോഓർഡിനേറ്റർ നീതു വിമൽ, ഡി.സി.പിയു പ്രൊട്ടക്ഷൻ ഓഫീസർ ബിനി മറിയം ജേക്കബ്, പ്രൊഫഷണൽ സാമൂഹ്യപ്രവർത്തകരായ എലിസബത്ത്, മാജിത മാഹിം, പ്രിൻസ് ഫിലിപ്പ്, ഡോ.പീറ്റർ ജോയ്, സോണിയ തുടങ്ങിയവർ നേതൃത്വം നൽകി.