പത്തനംതിട്ട : ജില്ലയെ അണുവിമുക്തമാക്കാൻ മുന്നിട്ടിറങ്ങിയിരിക്കുകയാണ് യുവജന ക്ഷേമ ബോർഡ്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നാട് മഹാമാരിയുടെ പിടിയിലേക്ക് നീങ്ങാതിരിക്കാനുള്ള മുൻകരുതലാണിതെന്ന് നേതൃത്വം നൽകുന്ന ശ്രീലേഖ പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ പതിനെട്ട് കെ.എസ്.ആർ.ടി.സി ബസുകൾ ഇന്നലെ അണുവിമുക്തമാക്കി. രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 3 മുതൽ 5 വരെയുമായിരുന്നു അണുവിമുക്ത പ്രവർത്തനം. ബസിന്റെ സീറ്റുകളും കമ്പികളും തുടച്ച് വൃത്തിയാക്കി. സംഘം ചേരാതിരിക്കാൻ ഏഴ് പേരാണ് പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. ചുട്ടിപ്പാറ കോളേജിൽ ബെഞ്ചും ഡെസ്കും അണുവിമുക്തമാക്കി. വരും ദിവസങ്ങളിൽ പ്രവർത്തനങ്ങൾ തുടരും.

പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് യുവജനക്ഷേമ ബോർഡിന്റെ 25 കോർഡിനേറ്റർമാർ പ്രവർത്തിയ്ക്കുന്നുണ്ട്. ഇവരെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ശ്രമം.