പത്തനംതിട്ട: ചൈനയിലും ഇറ്റലിയിലും നിന്ന് കേരളത്തിൽ കൊറോണ പറന്നിറങ്ങിയതോടെ, വിദേശങ്ങളിൽ നിന്ന് വരുന്ന മലയാളികളെ തേടിപ്പിടിക്കുകയാണ് സംസ്ഥാന സർക്കാർ. എന്നാൽ, വിദേശത്ത് എത്ര മലയാളികളുണ്ടെന്ന് സർക്കാരിന് വ്യക്തമായ കണക്കില്ല. ഉൗഹക്കണക്ക് മാത്രം.
വിദേശത്തുളളവർ നാട്ടിൽ വരുമ്പോഴും തിരികെ പോകുമ്പോഴും സർക്കാർ അറിയുന്നില്ലെന്നാണ് പ്രവാസി വകുപ്പ് പറയുന്നത്. പ്രവാസികൾ തിരിച്ചറിയൽ കാർഡെടുക്കുകയും ക്ഷേമ പെൻഷൻ പദ്ധതിയിൽ അംഗമാവുകയും തൊഴിൽ പരിശീലന പദ്ധതിയിൽ ചേരുകയും ചെയ്യുമ്പോൾ മാത്രമാണ് സർക്കാരിന് വിവരം ലഭിക്കുന്നത്. എല്ലാ പ്രവാസികളും പദ്ധതികളിൽ അംഗങ്ങളല്ല. വിദേശത്ത് പഠനത്തിനായി പോയി വരുന്നവരെപ്പറ്റിയും കണക്കില്ല.
പത്തനംതിട്ട ജില്ലക്കാരായ ഒൻപത് പേർക്ക് കൊറോണ സ്ഥിരീകരിച്ചപ്പോൾ, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികളുളള ജില്ലയെന്ന വിശേഷണം ആവർത്തിക്കപ്പെട്ടു. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ, യൂറോപ്പിലും ആഫ്രിക്കൻ രാജ്യങ്ങളിലും പത്തനംതിട്ടക്കാർ ഏറെയുണ്ടെന്ന് സർക്കാർ കേന്ദ്രങ്ങൾ പറയുന്നു. എത്രയെന്ന് വ്യക്തതയില്ല.
പ്രവാസികളുടെ കാര്യം നോക്കുന്ന നോർക്ക റൂട്ട്സിന്റെ വെബ്സൈറ്റിലെ ആദ്യ പേജിൽ 40 ലക്ഷം മലയാളികൾ വിദേശ രാജ്യങ്ങളിലുണ്ടെന്ന് പറയുന്നു. നോർക്ക വഴി സേവനം ലഭിക്കുന്നത് 2 ലക്ഷം പേർക്കെന്നും. എന്നാലിത് ഉൗഹങ്ങളുടെ അടിസ്ഥാനത്തിലുളള കണക്കാണെന്ന് നോർക്കയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
സംസ്ഥാന സർക്കാർ നോർക്ക മുഖേന കഴിഞ്ഞ മാസങ്ങളിൽ നടത്തിയ പ്രവാസി അദാലത്തിൽ പത്തനംതിട്ടയിൽ പങ്കെടുത്തത് 800 പേർ. കൊല്ലത്ത് രണ്ടായിരത്തോളം പേരും. പ്രവാസി പെൻഷൻ പദ്ധതിയിൽ ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത് കൊല്ലത്തും മലപ്പുറത്തുമാണ്. 70,000 പേരെന്നാണ് നോർക്കയുടെ കണക്ക്. പത്തനംതിട്ടക്കാർ 27000 പേരും.
'' പ്രവാസികളുടെ കൃത്യമായ വിവരങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ശേഖരിക്കണം. പ്രവാസി സംഘടനകളിൽ അംഗങ്ങളാവുന്നവർ കുറവാണ് '.
-സാമുവൽ കിഴക്കുപുറം,
കേരള പ്രവാസി കോൺഗ്രസ്
സംസ്ഥാന ജനറൽ സെക്രട്ടറി.
'' പ്രവാസികളുടെ ഡേറ്റാ ബാങ്കുണ്ടാക്കണം.സർക്കാരിന്റെ കൈവശം കൃത്യമായ കണക്കില്ല.
-ലാൽജി. ജോർജ്,
പ്രവാസി വെൽഫെയർ അസോ.
സംസ്ഥാന പ്രസിഡന്റ്.