ഓമല്ലൂർ : 2011-12ൽ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ലക്ഷങ്ങൾ മുടക്കി പണി തുടങ്ങിയ ആധുനിക രീതിയിലുള്ള അറവുശാലയും മാലിന്യനിർമ്മാർജ്ജന ബയോഗ്യാസ് പ്ലാന്റും പൂർത്തീകരിക്കണമെന്ന് ഗ്രാമസംരക്ഷണസമിതി ആവശ്യപ്പെട്ടു. 35ലക്ഷം രൂപ അടങ്കൽ നിശ്ചയിച്ച അറവുശാല നിർമ്മാണത്തിന് 23ലക്ഷം രൂപ ചെലവാക്കിയെങ്കിലും പണിതീർന്നിട്ടില്ല.കെട്ടിടത്തിന്റെ 80ശതമാനത്തിന്റെ പണിയും സെപ്റ്റിക്ടാങ്ക് നിർമ്മാണവുമാണ് കരാറുകാരൻ പൂർത്തീകരിച്ചത്.അറവുശാലയോട് ചേർന്നുള്ള ലെയറേജ്, പ്ലംബിംഗ്, ഇലക്ട്രിക് വർക്കുകൾ എന്നിവ അംഗീകൃത ഏജൻസിയെ ഏൽപ്പിക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായിട്ടില്ല. 2014-15 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇലക്ട്രിഫിക്കേഷന് വേണ്ടി ബന്ധപ്പെട്ട സെക്ഷനിൽ സെക്രട്ടറി 7,27,875 രൂപ ഡെപ്പോസിറ്റ് ചെയ്തതായി പറയുന്നെങ്കിലും പണി നടന്നിട്ടില്ല.മെക്കാനിക്ക് ഉപകരണങ്ങൾ വാങ്ങാൻ 2013-14 ലെ വാർഷിക പദ്ധതിയിൽ 9ലക്ഷം അനുവദിച്ചതും നാളിതുവരെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.ദിവസവും നൂറ്കിലോ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സഹായകമായിരുന്ന ബയോഗ്യാസ് പാന്റിന്റെയും പണി പകുതി വഴി ഉപേക്ഷിച്ചു. ലക്ഷങ്ങൾ മുടക്കി പണികഴിപ്പിച്ച ജൈവമാലിന്യ സംസ്‌ക്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യാതെ കിടക്കുകയാണ്.ഈ പദ്ധതികളുടെ പൂർത്തീകരണത്തിന് തടമാകുന്ന കാരണങ്ങൾ കണ്ടെത്തി അവ പരിഹരിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് അടിന്തര നടപടികൾ ഭരണസമിതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസംരക്ഷണസമിതി പ്രസിഡന്റ് രവീന്ദ്രവർമ്മ അംബാനിലയം പഞ്ചായത്ത് സെക്രട്ടറിയ്ക്ക് പരാതി നൽകി.