അടൂർ : ആട്ടോറിക്ഷക്കാരന്റെ സത്യസന്തതയിൽ വീട്ടമ്മയ്ക്ക് നഷ്ടമായ നാല് പവന്റെ സ്വർണാഭരണങ്ങളും മൊബൈൽഫോണും,രൂപയും,ആധാർകാർഡും അടങ്ങുന്ന പെഴ്സ് തിരികെ ലഭിച്ചു.അടൂർ ഹോളിക്രോസ് ആശുപത്രി ജംഗ്ഷനിലെ ആട്ടോറിക്ഷ ഡ്രൈവറും കരുവാറ്റ കനാൽ പുറമ്പോക്കിൽ താമസിക്കുന്ന കുഴിവേലിൽ താഴേതിൽ ധർമ്മരാജാണ് മാതൃകയായത്.ഇന്നലെ രാവിലെ വീട്ടിൽ പോയി പ്രഭാതഭക്ഷണം കഴിച്ച് സ്റ്റാന്റിലേക്ക് മടങ്ങുംവഴിയാണ് കനാൽ റോഡിൽ സഞ്ചികിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.സഞ്ചിക്കുള്ളിലെ പെഴ്സ് തുറന്ന് നോക്കിയപ്പോഴാണ് സ്വർണാഭരണങ്ങളും 1700 രൂപയും ഉൾപ്പെടെയുള്ള സാധനങ്ങളായിരുന്നു. ഇതുമായി ഡ്രൈവർ ധർമ്മരാജ് നേരെ ഡി.വൈ.എസ്.പി ഒാഫീസിലെത്തി കൈമാറുകയായിരുന്നു.ആധാർ കാർഡിലെ മേൽവിലാസം വച്ച് രണ്ടാം വാർഡ് കൗൺസിലർ ഗോപു കരുവാറ്റയാണ് പെഴ്സിന്റെ ഉടമയായ കരുവാറ്റ പുഷ്പമംഗലത്ത് സിജിയെന്ന വീട്ടമ്മയെ കണ്ടെത്തിയത്. ഇവർ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിന്റെ കൊളുത്തിൽ തൂക്കിയിട്ടിരുന്ന പെഴ്സ് അടങ്ങുന്ന സഞ്ചി എങ്ങനെയോ വഴിയിൽ നഷ്ടപ്പെടുകയായിരുന്നു. സ്റ്റേഷനിലെത്തി എല്ലാം ഉറപ്പുവരുത്തിയ ശേഷം വനിതാ എസ്.ഐ സുജാത,വാർഡ് കൗൺസിലർ ഗോപു കരുവാറ്റ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ധർമ്മരാജ്തന്നെ പെഴ്സ് തിരികെ ഏൽപ്പിക്കുകയായിരുന്നു.