തിരുവല്ല: കൊറോണ അണുബാധ തടയുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചിടണമെന്ന് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് ബിഷപ് ഡോ.ഉമ്മൻ ജോർജ്,ജനറൽ സെക്രട്ടറി അഡ്വ.പ്രകാശ് പിതോമസ് എന്നിവർ ആവശ്യപ്പെട്ടു.ആണുവ്യാപനം തടയുന്നതിനായി സ്‌കൂളുകളും കോളേജുകളും ആരാധനാലയങ്ങളും ചന്തകളും മറ്റും അടച്ചിടുകയും ജനങ്ങൾ ബിവറേജസ് ഷോപ്പുകളുടെ മുൻപിൽ കൂട്ടം കൂടി നിൽക്കുകയും ചെയ്യുന്നത് യുക്തിക്ക് നിരക്കുന്നതല്ല.വ്യക്തി ശുചിത്വം പാലിക്കുന്നതിനും അണുബാധ തടയുന്നതിനുമായി യാതൊരുവിധ ക്രമീകരണങ്ങളും ഇവിടങ്ങളിൽ ഇല്ല.ഷോപ്പുകളുടെ മുൻപിൽ നീണ്ട നിര കാണപ്പെടുന്നു.കൊറോണാ അണുബാധ തടയുന്നതിനായി ഭരണകൂടങ്ങൾ നടത്തുന്ന ക്രമീകരണങ്ങളെയും അതിനു നേതൃത്വം നൽകുന്ന ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും സന്നദ്ധസേവകരെയും കൗൺസിൽ അനുമോദിച്ചു.ഈ പ്രവർത്തനങ്ങൾ പൂർണ വിജയത്തിലെത്തിക്കുവാൻ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് കൗൺസിൽ അഭ്യർത്ഥിച്ചു.