പത്തനംതിട്ട: പ്രളയ ദുരന്തത്തിൽ നാടിന് കൈത്താങ്ങായ വിദ്യർത്ഥികൾ കോറാേണക്കാലത്തും സഹായത്തിനെത്തി. ഐ.എച്ച്.ആർ.ഡിയുടെ അടൂർ കോളജ് ഒഫ് എൻജിനിയറിംഗിലെ 18 അംഗ വിദ്യാർത്ഥിസംഘമാണ് കൊറോണയുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ സന്നദ്ധ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കളക്ടറേറ്റിൽ എത്തിയിട്ടുള്ളത്.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘത്തിന്റെ ആദ്യജോലി ലൊക്കേഷൻ മാപ്പിംഗ് ആയിരുന്നു. പിന്നീട്, നിരീക്ഷണത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ അന്വേഷിച്ചറിഞ്ഞ് വിശദാംശങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി. ഇപ്പോൾ, വ്യാജസന്ദേശങ്ങൾ തടയുന്നതിനും ജനങ്ങളുടെ ആവശ്യങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിനും ജില്ലാ കളക്ടർ പി.ബി.നൂഹിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാദ്ധ്യമ നിരീക്ഷണ വിഭാഗത്തിന്റെ ഫേസ് ബുക്ക് പേജ് അരിച്ചുപെറുക്കി നിരീക്ഷിക്കുകയാണ് വിദ്യാർത്ഥി സംഘം. 'വ്യാജസന്ദേശം അയച്ച് സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവരെ പിടികൂടാൻ സഹായിക്കണം. ഒപ്പം ജനങ്ങളുടെ ആവശ്യങ്ങൾക്ക് പരിഹാരവും കാണണം' വിദ്യാർത്ഥികൾ ഒരേസ്വരത്തിൽ പറയുന്നു. Media Surveillance Centre Pathanamthitta- മാദ്ധ്യമ നിരീക്ഷണകേന്ദ്രം പത്തനംതിട്ട എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെ കൊറോണയുമായി ബന്ധപ്പെട്ട് അച്ചടി, ദൃശ്യ, സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങൾ, ജനങ്ങളുടെ സംശയങ്ങൾ, വിവിധ ആവശ്യങ്ങൾ എന്നിവ ജില്ലാ ഭരണകൂടവുമായി പങ്കുവയ്ക്കാം.
വിദ്യാർത്ഥികളായ ചെസിൻ, ആകാശ്, ശരത്, സഞ്ജയ്, അമിത്, അശ്വിൻ, അരവിന്ദ് പിള്ള, ജോയൽ, പ്രവീൺ, ജോർജ്, നാരായണൻ, സനു, സിബി, ശങ്കർ, മിജോ, ലിജിൻ, അരവിന്ദ്, രാഹുൽ തുടങ്ങിയവർ അടങ്ങിയ 18 അംഗ സംഘമാണു മാദ്ധ്യമനിരീക്ഷണ വിഭാഗത്തിലുളളത്. പ്രളയവുമായി ബന്ധപ്പെട്ട് വിവര ശേഖരണം നടത്തുന്നതിനും ജില്ലാ ഭരണകൂടത്തെ സഹായിച്ചിരുന്നു.