മല്ലപ്പള്ളി : പഞ്ചായത്ത് വാർഡുതലത്തിൽ ശുചിത്വ സമിതിയുടെ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ, അങ്കണവാടി പ്രവർത്തകർ എന്നിവരുടെ സംയുക്തയോഗത്തിൽ നിരീക്ഷണത്തിലുള്ളവരെ സഹായിക്കുന്നതിനും രോഗത്തെ നേരിടുന്നതിന് വോളന്റിയർമാർ അടക്കമുള്ളവരെ സജ്ജരാക്കുന്നതിനും തീരുമാനിച്ചു. വൈകിട്ട് താലൂക്ക് ആശുപത്രിയിൽ നടന്ന വിലയിരുത്തൽ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു.താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സിനീഷ് കെ ജോയ്, കീഴ്വായ്പ്പൂര് എസ്.ഐ ബി.ആദർശ്, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജു ജോസഫ്,ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ബൈജു ജോസഫ്, അച്ചാമ്മ ശാമുവേൽ,രജിത,വനജ എന്നിവർ പങ്കെടുത്തു.രോഗമില്ലെങ്കിലും വീടുകളിൽ നിരീക്ഷണത്തിലുള്ളവർ ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പാലിക്കാതെ പൊതുനിരത്തുകളിൾ കറങ്ങി നടക്കുന്നതായി വ്യാപക പരാതികൾ വരുന്ന പശ്ചാത്തലത്തിൽ ഈക്കൂട്ടരുടെ കാര്യത്തിൽ പൊലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കും.അവശ്യ വസ്തുക്കളുടെ ദൗർലഭ്യമനുഭവിക്കുന്നവരുടെ കാര്യത്തിൽ പഞ്ചായത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും.ഇതര സംസ്ഥാന തൊഴിലാളികളെ ബോധവത്ക്കരിക്കുന്നതിന് ഇവർ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിൽ വിവിധ ഭാഷകളിലുള്ള ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്യുകയും മൊബൈലുകളിലേക്ക് കോവിഡ് പ്രതിരോധ വീഡിയോകൾ അയക്കുകയും ചെയ്യും.ആൾക്കൂട്ടങ്ങൾ ഒഴിവാക്കുന്നതിനുള്ള പ്രചരണ പ്രവർത്തനങ്ങൾ നടത്തുവാനും യോഗം തീരുമാനിച്ചു.