തിരുവല്ല: നഗരത്തിലെ സുന്ദരമാക്കിയ നടപ്പാതയിലും യാത്രക്കാർക്ക് രക്ഷയില്ല. എം.സി റോഡ് വികസനത്തിന്റെ ഭാഗമായി നഗരത്തിലെ റോഡിന്റെ ഇരുവശങ്ങളിലെയും നടപ്പാതകൾ നിറങ്ങളിലുള്ള ടൈലുകൾ പാകി കെ.എസ്.ടി.പി സുന്ദരമാക്കി. പൊതുജനങ്ങളുടെ ഏറെക്കാലമായി ആവശ്യപ്പെടുന്ന വൃത്തിയുള്ള നടപ്പാതകൾ സാദ്ധ്യമാക്കിയതിന്റെ സന്തോഷത്തിലായിരുന്നു യാത്രക്കാർ. എന്നാൽ നടപ്പാതയിലെ വാഹന പാർക്കിംഗ് ഇപ്പോഴും തുടരുകയാണ്. ഇരുചക്ര വാഹനങ്ങളാണ് നടപ്പാതയിൽ കയറ്റി പാർക്ക് ചെയ്യുന്നത്. ദീപാ ജംഗ്‌ഷന് സമീപത്തെ നടപ്പാതയിലാണ് ഇപ്പോഴും ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത് യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നത്.ഇതോടെ ഭീഷണിയില്ലാതെ കാൽനട യാത്രക്കാർക്ക് കടന്നുപോകാനുള്ള നടപ്പാതകളും വാഹനങ്ങൾ കൈയടക്കുന്ന സ്ഥിതിയായി. വീതിയുള്ള റോഡിന്റെ വശങ്ങളിൽ പാർക്കിംഗ് സൗകര്യം ഉണ്ടെങ്കിലും പലയിടത്തും ഇതുതന്നെയാണ് സ്ഥിതി.ചെലയിടങ്ങളിൽ വാഹനങ്ങൾക്ക് കയറാനാകാത്തവിധം ഉയർത്തിയാണ് നടപ്പാത ഒരുക്കിയിട്ടുള്ളത്. മറ്റിടങ്ങളിൽ കച്ചവട സ്ഥാപനങ്ങൾക്കും വീടുകൾക്കും മറ്റും വാഹനങ്ങൾ കയറ്റി കൊണ്ടുപോകാനാകും വിധത്തിലാണ് നിർമ്മാണം. ഈ ഭാഗങ്ങളിലാണ് ഇരുചക്ര വാഹനയാത്രക്കാർ പാർക്കിംഗ് ചെയ്യുന്നത്.മുമ്പ് നടപ്പാത കൈയേറി വലിയ വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നത് യാത്രക്കാർക്ക് ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു.ഈ സാഹചര്യം ഒഴിവാക്കാൻ നഗരത്തിൽ ട്രാഫിക് പൊലീസ് ഉൾപ്പെടെയുള്ളവർ തുടക്കത്തിൽ തന്നെ പിഴ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിച്ചാൽ പ്രശ്നം പരിഹരിക്കാവുന്നതാണ്.
നടപ്പാത സംരക്ഷണം ഉറപ്പാക്കണം
മനോഹരമാക്കിയ നടപ്പാതയിലാണ് നഗരത്തിലെ ചെല കച്ചവട സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകളും സ്ഥാപിച്ചിട്ടുള്ളത്.ഇത് നീക്കം ചെയ്യാനും നടപടി വേണം.അനധികൃത കച്ചവടങ്ങളും മാലിന്യം തള്ളലും കത്തിക്കലും ഉൾപ്പെടെയുള്ളവ നിരീക്ഷിക്കാനും നടപ്പാതയുടെ സംരക്ഷണം ഉറപ്പാക്കാനും നഗരസഭയും പൊതുമരാമത്തും സ്ഥിരമായ സംവിധാനം ഏർപ്പെടുത്തണം.ഇത്തരം നടപടികൾ ഉണ്ടായില്ലെങ്കിൽ കാൽനട യാത്രക്കാർ പഴയപോലെ റോഡിലിറങ്ങി നടക്കുന്നത് ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകും.
-കച്ചവട സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ നീക്കാനും നടപടി വേണം
- മാലിന്യം തള്ളൽ-കത്തിൽക്കൽ എന്നിവയ്ക്കും നിരീക്ഷണം ഏർപ്പെടുത്തണം