പത്തനംതിട്ട: കൊറോണ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി മതപരമായ ചടങ്ങുകളിൽ പത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തരുതെന്ന് ജില്ലാ കളക്ടർ പി.ബി.നൂഹ് അഭ്യർഥിച്ചു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന മതമേലധ്യക്ഷന്മാരുടെ അടിയന്തരയോഗത്തിൽ സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
ഏപ്രിൽ ഒന്നുവരെയുള്ള ദിവസങ്ങളിൽ ആരാധനാ സമയംകുറച്ച്, പരമാവധി 10 പേരെ മാത്രം ഉൾപ്പെടുത്തി ചടങ്ങുകൾ മാത്രമായി ഒതുക്കണം. ഓൺലൈൻവഴി പ്രാർത്ഥനകൾ നടത്താനുള്ള സാധ്യതയെക്കുറിച്ച് പരിശോധിക്കണം. ശുചിത്വം പാലിക്കണം. ആളുകൾ തമ്മിൽ കണ്ടുമുട്ടുന്ന പൊതുപരിപാടികൾ ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്നതരത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി.
കൊറോണ സ്ഥിരീകരിച്ചത് 10 രാഷ്ട്രങ്ങളിൽ നിന്നു വന്നവർക്കു മാത്രമല്ല. വിദേശത്തുനിന്നു വന്നവർ കുറഞ്ഞത് 14 ദിവസമെങ്കിലും വീടുകളിൽ കഴിയണം. ചൈന, ഇറാൻ, ഇറ്റലി എന്നീ രാജ്യങ്ങളിൽ കൊറോണ പടർന്നു പിടിച്ചതുപോലെ ഇന്ത്യയിലും സംഭവിക്കാൻ സാഹചര്യമുള്ളതിനാൽ ആളുകൾകൂടുന്ന പരിപാടികൾ പരമാവധി ഒഴിവാക്കണം. ഓരോ മതത്തിന്റെയും ചടങ്ങുകളേയും ആരാധനകളേയും മാനിച്ചുകൊണ്ട് സമൂഹത്തിന്റെ നന്മയെക്കരുതി മതമേലധ്യക്ഷന്മാരുടെ നേതൃത്വത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കണം.
അതിഥി സംസ്ഥാന തൊഴിലാളികളോട് മോശമായി പെരുമാറുകയോ ആട്ടിപ്പായിക്കുകയോ ചെയ്യരുതെന്നും അവർക്കും ആവശ്യമായ കരുതൽ നൽകണമെന്നും കളക്ടർ പറഞ്ഞു.
യോഗത്തിൽ എം.എൽ.എമാരായ മാത്യു ടി. തോമസ്, രാജു എബ്രഹാം, വീണാ ജോർജ്, കെ.യു ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, എ.ഡി.എം: അലക്‌സ് പിതോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമൻ കൊണ്ടൂർ, ഡി.എം.ഒ (ആരോഗ്യം) ഡോ.എ.എൽ ഷീജ, ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടർ ഗ്രിഗറി കെ.ഫിലിപ്പ്, ഡി.പി.എം. ഡോ. എബി സുഷൻ, കെ.പത്മകുമാർ (എസ്.എൻ.ഡി.പി യോഗം), കലഞ്ഞൂർ മധു (എൻ. എസ്.എസ്) തുടങ്ങിയവർ പങ്കെടുത്തു.