തിരുവല്ല: കൊറോണ വൈറസ് ഉൾപ്പെടെയുള്ള രോഗങ്ങൾ ലോകവ്യാപകമായി ഭീഷണിയായിരിക്കെ നഗരമദ്ധ്യത്തിൽ തിരുവല്ല നഗരസഭ മാലിന്യച്ചിറ കെട്ടിയുയർത്തുന്നു.നഗരത്തിലെ ജനവാസ കേന്ദ്രങ്ങൾക്ക് ചുറ്റും തള്ളുന്ന മാലിന്യകേന്ദ്രം പൊതുജനാരോഗ്യത്തിന് കനത്ത ഭീഷണിയായിരിക്കുകയാണ്.പുഷ്പഗിരി റോഡിൽ ഇൻഡോർ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പിന്നിലായുള്ള നഗരസഭാ ഭൂമിയിലാണ് അശാസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.നഗരസഭാ പരിധിയിൽ നിന്നടക്കം ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ ഇവിടെ എത്തിച്ചു ഭൂമിയിൽ കുഴിച്ചു മൂടുന്നതാണ് ആരോഗ്യ ഭീഷണി ഉയർത്തുന്നത്.നഗരസഭയിലെ മാലിന്യ സംസ്ക്കരണത്തിന്റെ നടത്തിപ്പ് ചുമതല സ്വകാര്യ ഏജൻസിക്കാണ് നൽകിയിട്ടുള്ളത്.സംസ്ക്കരണ കേന്ദ്രത്തോട് ചേർന്നാണ് നഗരത്തിലൂടെ കടന്നുപോകുന്ന മുല്ലേലി തോട് ഒഴുകുന്നത്.ഈ തോടിന് സമീപത്തായി ജെ.സി.ബി ഉപയോഗിച്ച് വലിയ കുഴിയെടുത്ത ശേഷം പ്ലാസ്റ്റിക് അടക്കമുള്ള ഉപയോഗ ശൂന്യമായ മാലിന്യങ്ങൾ വാരിയിട്ടു മൂടുന്നതാണ് ഇവിടുത്തെ സംസ്ക്കരണം. മുല്ലേലിൽ തോട്ടിലെ ജലത്തിൽ കലരുന്ന മാലിന്യം സമീപ പ്രദേശങ്ങളിലും മണിമലയാറിന്റെ കൈവഴികളിലൂടെ ഒഴുകി അപ്പർകുട്ടനാട്ടിലും ഒഴുകിയെത്തും.ആയിരത്തിലധികം രോഗികൾ ചികിത്സ തേടുന്ന സ്വകാര്യ മെഡിക്കൽ കോളേജും നിരവധി ഫ്ലാറ്റുകളും സ്ഥിതി ചെയ്യുന്ന ജനവാസ കേന്ദ്രത്തിന് മദ്ധ്യത്തിൽ ഇത്തരത്തിൽ മാലിന്യം അശാസ്ത്രീയമായി സംസ്ക്കരിക്കുന്നത്.യാതൊരുവിധ ശാസ്ത്രീയ സംവിധാനങ്ങളുമില്ലാതെ നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന മാലിന്യ സംസ്ക്കരണം നിരവധി പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴി തെളിച്ചേക്കാമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
പ്രതിഷേധം ശക്തം
മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കണമെന്നും ഒരിടത്തു കൂട്ടാതെ വികേന്ദ്രീകരിച്ചു ഫലപ്രദമായി ഉപയോഗിക്കണമെന്നും പൊതുജനങ്ങളെ ഉപദേശിക്കുന്ന നഗരസഭയുടെ പ്രവർത്തിയിൽ പ്രതിഷേധം ഉയരുകയാണ്. ഇത്തരത്തിൽ മാലിന്യം സംസ്ക്കരിക്കുന്നത് സംബന്ധിച്ച് ഇന്നലെ നടന്ന നഗരസഭാ കൗൺസിൽ യോഗത്തിലും ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
നഗരത്തിലെ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കണം
എം.പി ഗോപാലകൃഷ്ണൻ
(നഗരസഭാ പ്രതിപക്ഷ നേതാവ്)