പത്തനംതിട്ട: ജില്ലയിൽ കൊറോണ നിരീക്ഷണത്തിലുളളവരുടെ ഒരു കേസും ഇന്നലെയും പോസീറ്റിവായില്ല. കൊറോണ സ്ഥിരീകരിച്ചവരുമായ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകൾ ഉണ്ടായിരുന്ന ആരെയും ഇന്നലെ കണ്ടെത്തിയിട്ടില്ല. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 12 പേരും ജില്ലാ ആശുപത്രിയിൽ ഒൻപതു പേരും ഐസൊലേഷനിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരാൾ ഐസൊലേഷനിലുണ്ട്. ആകെ 22 പേർ വിവിധ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി നാലു പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.
മൂന്നു പേരെക്കൂടി ഡിസ്ചാർജ് ചെയ്തു. ആകെ 36 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. വീടുകളിൽ പ്രൈമറി, സെക്കൻഡറി കോൺടാക്ടുകളിലായി 1254 പേർ നിരീക്ഷണത്തിലാണ്. ഇന്നലെ 19 സാമ്പിളുകൾ ഉൾപ്പെടെ ആകെ 118 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്നലെ അഞ്ച് നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.
ജില്ലയിൽ ഇതുവരെ അയച്ച സാമ്പിളുകളിൽ ഒൻപത് എണ്ണം പൊസിറ്റീവായും 55 എണ്ണം നെഗറ്റീവായും റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 25 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസറുടെ കൺട്രോൾ റൂമിൽ 121 കോളുകളും ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 106 കോളുകളും ലഭിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയവരെ സംബന്ധിച്ച് 89 കോളുകളും ലഭിച്ചു.
വിദേശത്തുനിന്ന് തിരിച്ചെത്തിയ 744 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 38 പേരെ ഇന്നലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിലവിൽ വിദേശത്തുനിന്ന് തിരിച്ചെത്തിയ 1494 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. അവരിൽ ഏഴു പേരെ രോഗലക്ഷണങ്ങൾ ഉളളവരായി കണ്ടെത്തി. രണ്ടു പേരുടെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചു.

>> 5293 യാത്രക്കാരെ സ്‌ക്രീൻ ചെയ്തു

റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും 5293 യാത്രക്കാരെ സ്‌ക്രീൻ ചെയ്തു. ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന 157 പേരെ തിരുവല്ല റെയിൽവേ സ്റ്റേഷനിലും ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരിൽ രോഗലക്ഷണങ്ങൾ കാണിച്ച 11 പേരെ നിർബന്ധിത ഹോം ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്ക് ഉപയോഗിക്കാനായി എട്ട് ഫോർഹെഡ്, ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ ലഭ്യമാക്കിയിട്ടുണ്ട്.

>> നഴ്സിംഗ് വിദ്യാർത്ഥിനികൾ നിരീക്ഷണത്തിൽ

തെലങ്കാനയിൽ നിന്ന് പത്തനംതിട്ടയിലേയ്ക്ക് വന്ന ഏഴ് നഴ്‌സിംഗ് വിദ്യാർത്ഥിനികളെയും കൽബുർഗിയിൽ നിന്നുവന്ന മൂന്ന് പാരാമെഡിക്കൽ വിദ്യർത്ഥികളെയും സുരക്ഷിതമായി വീടുകളിൽ നിരീക്ഷിക്കുന്നതിനുളള ക്രമീകരണങ്ങൾ ചെയ്തു.