മാർച്ച് 31ന് മുൻപ് തീർക്കേണ്ട പണികൾ അനിശ്ചിതത്വത്തിൽ
പത്തനംതിട്ട: കൊറോണ ഭീഷണിയെ തുടർന്ന് ഇതര സംസ്ഥാന അതിഥി തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതിനാൽ ത്രിതല പഞ്ചായത്തുകളിൽ പദ്ധതികളുടെ നിർമാണം നിലച്ചു. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുൻപ് തീർക്കേണ്ട പണികളാണ് അനിശ്ചിതാവസ്ഥയിലായത്. നിർമാണ കാലാവധി സർക്കാർ നീട്ടിക്കൊടുത്തില്ലെങ്കിൽ പദ്ധതികൾക്കുളള ഫണ്ട് മുടങ്ങും. അടുത്ത സാമ്പത്തിക വർഷവും തുടരാനുളള (സ്പിൽ ഒാവർ) അനുമതി ലഭിച്ചില്ലെങ്കിൽ പണികൾ ഉപേക്ഷിക്കേണ്ടതായി വരും. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ വ്യക്തമായ നിർദേശം നൽകയിട്ടില്ല.
ജില്ല, ബ്ളോക്ക്, ഗ്രാമ പഞ്ചായത്ത് തലങ്ങളിൽ റോഡ്, കുടിവെളള പദ്ധതികൾ, മറ്റ് കെട്ടിട നിർമാണങ്ങൾ എന്നിവയാണ് കൊറോണയുടെ പശ്ചാത്തലത്തിൽ സ്തംഭിച്ചത്.
സർക്കാർ പദ്ധതികളുടെ നിർമാണ തൊഴിലാളികൾ തൊണ്ണൂറ് ശതമാനവും പശ്ചിമ ബംഗാൾ, ബീഹാർ, ആസാം സംസ്ഥാനങ്ങളിൽ നിന്നുളളവരാണ്. കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരിൽ ഭൂരിഭാഗവും ഭയന്ന് നാടുകളിലേക്ക് മടങ്ങിപ്പോയി. വാടകയ്ക്ക് താമസിപ്പിച്ചിരുന്ന കെട്ടിട ഉടമകൾ അതിഥി തൊഴിലാളികളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെടുകയും ചെയ്തു.
റോഡ് ടാറിംഗിന് ശരാശരി മുപ്പതും കോൺക്രീറ്റ് പണികൾക്ക് ഇരുപതും തൊഴിലാളികളാണ് ഒരേ സമയം ജോലി ചെയ്യാറുളളത്. പൂർത്തിയായ പദ്ധതികളുടെ ഫണ്ട് ലഭിക്കാത്തതിനാൽ കരാറുകാർ മെല്ലപ്പോക്ക് നയം തുടരുന്നതിനിടെയാണ് കൊറോണ ഭീഷണിയിൽ തൊഴിലാളികളെ കിട്ടാതെ വന്നത്.
>>
'' പദ്ധതികളുടെ കാലാവധി നീട്ടിക്കൊടുക്കുകയും കഴിഞ്ഞ വർഷങ്ങളിൽ ചെയ്ത പണികളുടെ ഫണ്ട് അനുവദിക്കുകയും ചെയ്താൽ പ്രതിസന്ധി മാറും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
അന്നപൂർണ ദേവി, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
>>
'' അതിഥി തൊഴിലാളികൾ തിരിച്ചു വന്നാൽ മാത്രമേ പണികൾ തുടരാനാകൂ. പൂർത്തിയായ പദ്ധതികളുടെ ബില്ല് പാസാക്കുകയും വേണം.
പി.വി.കൃഷ്ണൻ, കോൺട്രാക്ടേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ
28 കോടിയുടെ പ്രവൃത്തികൾ മുടങ്ങി